India National

മുന്‍ മന്ത്രി കെ.ശിവപ്രസാദ റാവുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുന്‍മന്ത്രിയും മുതിര്‍ന്ന തെലുങ്ക് ദേശം നേതാവുമായ ഡോ.കൊഡേല ശിവപ്രസാദ റാവുവിനെ(72) വീടിനുള്ളില്‍ സംശയാസ്പദമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബാനര്‍ജി ഹില്‍സിലുള്ള വീട്ടിലെ മുറിയിലുള്ള ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് റാവുവിനെ കണ്ടെത്തിയത്.

റാവു വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ റാവുവിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് റാവുവിനെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ ശശികലക്കും മകള്‍ ഡോ. വിജയലക്ഷ്മിക്കുമൊപ്പമാണ് കഴിഞ്ഞ 20 ദിവസമായി റാവു താമസിച്ചിരുന്നത്. സംഭവദിവസം രാവിലെ 10 മണിക്ക് മകളോട് സംസാരിച്ച ശേഷം മുകളിലെ മുറിയിലേക്ക് വിശ്രമിക്കാന്‍ പോയ റാവു ആത്മഹത്യ ചെയ്യുകയായിരുന്നു. അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന കാര്യം പറയാന്‍ മുറിയിലെത്തിയ വിജയലക്ഷ്മി അകത്ത് നിന്നും പ്രതികരണമൊന്നുമില്ലാത്തതില്‍ ജനലിലൂടെ നോക്കിയപ്പോഴാണ് റാവു തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. തുടര്‍ന്ന് ഗണ്‍മാനും സെക്യൂരിറ്റിയുമെത്തി മുറിയില്‍ വാതില്‍ തകര്‍ത്ത ശേഷം റാവുവിനെ പുറത്തെത്തിക്കുകയായിരുന്നു.

മകളുടെ പരാതി പ്രകാരം സംശയാസ്പദമായ മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ വച്ച് നടന്ന റാവുവിന്റെ പോസ്റ്റ്മോര്‍ട്ടം കോടതിയില്‍ തെളിവ് സമര്‍പ്പിക്കുന്നതിനായി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. റാവു വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും കൂടുംബാംഗങ്ങള്‍ പറഞ്ഞതായി ഡി.സി.പി ശ്രീനിവാസ് പറഞ്ഞു.