തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ മോഷണക്കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വാളയാര്‍ മനോജ്, കെ.വി സയന് എന്നിവരെയാണ് തമിഴ്നാട് പൊലീസ് ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്തത്. കോടനാട് എസ്റ്റേറ്റിലെ മോഷണത്തിനും പിന്നാലെ ഉണ്ടായ കൊലപാതകങ്ങള്‍ക്കും പിന്നില്‍ എടപ്പാടി പളനിസ്വാമിയാണെന്നായിരുന്നു പ്രതികളുടെ വെളിപ്പെടുത്തല്‍.
ജയലളിതയുടെ ഉടമസ്ഥതയിലുളള കോടനാട് എസ്റ്റേറ്റിലെ മോഷണം പണത്തിന് വേണ്ടിയായിരുന്നില്ലെന്നും ചില സുപ്രധാന രേഖകള്‍ക്ക് വേണ്ടിയായിരുന്നുവെന്നാണ് മലയാളികളായ പ്രതികള്‍ കെ.വി സയന്, മനോജ് എന്നിവര്‍ വെളിപ്പെടുത്തിയത്. മോഷണത്തിനും ഇതിന് ശേഷമുണ്ടായ കൊലപാതകങ്ങള്‍ക്കും മുഖ്യമന്ത്രി എടപ്പാടി പളനസ്വാമിക്ക് പങ്കുണ്ടെന്നും പ്രതികള്‍ വെളിപ്പെടുത്തി. ഇക്കാര്യങ്ങള്‍ പുറത്ത് വിട്ട ഇന്ത്യാ എഹെഡ് എഡിറ്റര്‍ മാത്യു സാമുവലും സമാന ആരോപണം ഉന്നയിച്ചു.
ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോഴത്തെ പൊലീസിന്റെ അറസ്റ്റ് . തമിഴ്നാട് എസ്.പി സെന്തില്‍കുമാറും സംഘവും ഡല്‍ഹി ദ്വാരകയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മാത്യു സാമുവേല്‍ പറഞ്ഞു. 2017 ഏപ്രില്‍ മാസം 23ന് കോടനാട് എസ്റ്റേറ്റിലെത്തിയ സംഘം സെക്യൂരിറ്റിയെ കെട്ടിട്ടിയിട്ട് മോഷണം നടത്തുകയായിരുന്നു. ഇതിന് പിന്നാലെ പ്രധാന പ്രതിയടക്കം നിരവധി പേരാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.