India

മഹാപഞ്ചായത്തിന് എത്തിയത് 10 ലക്ഷത്തിലധികം പേർ: സംയുക്ത കിസാൻ മോർച്ച

മുസഫർനഗറിലെ കർഷക ശക്തിപ്രകടനം രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വഴിത്തിരിവാകുമെന്ന വിലയിരുത്തലിൽ സംയുക്ത കിസാൻ മോർച്ച. പത്ത് ലക്ഷത്തിലധികം പേർ കിസാൻ മഹാപഞ്ചായത്തിന് എത്തിയെന്നും അവകാശപ്പെട്ടു. സംയുക്‌ത കിസാൻ മോർച്ചയ്ക്ക് രാഷ്ട്രീയത്തിൽ താൽപര്യമുണ്ടെങ്കിൽ ബിജെപിയിലേക്ക് സ്വാഗതമെന്ന് കേന്ദ്രമന്ത്രിയും, മുസഫർനഗർ എം.പിയുമായ സഞ്ജീവ് ബല്യാൻ പറഞ്ഞു. (kisan mahapanchayat kisan morcha) കർഷക സമരം രാഷ്ട്രീയ മാനം കൈവരിക്കുന്നതിനെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് പരസ്യമായി തന്നെ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു കഴിഞ്ഞു. മുസഫർനഗറിലെ കിസാൻ മഹാപഞ്ചായത്തിൽ മിഷൻ യുപിയും, ഉത്തരാഖണ്ഡും പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. ലക്ഷകണക്കിന് കർഷകരെ അണിനിരത്തിയതിലൂടെ കൃത്യമായ സന്ദേശം നൽകുകയാണ് കർഷക സംഘടനകൾ. ജാതി രാഷ്ട്രീയത്തെ കർഷക ഐക്യത്തിലൂടെ മറികടക്കാൻ കഴിയുമെന്ന് നേതാക്കൾ കണക്കുകൂട്ടുന്നു. യോഗി ആദിത്യനാഥ് സർക്കാരിനെതിരെ കൂടുതൽ സമരപരിപാടികൾ വരും നാളുകളിൽ സംയുക്‌ത കിസാൻ മോർച്ച പ്രഖ്യാപിക്കും. അതേസമയം, ചർച്ചയ്ക്ക് തയാറാണെന്ന നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു.