Kerala

‘കൂടുതൽ മൃഗങ്ങളെ മൃഗശാലയിൽ എത്തിക്കും; ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കില്ല’; മന്ത്രി ജെ. ചിഞ്ചുറാണി

വിദേശ രാജ്യങ്ങളിൽ നിന്നടക്കം കൂടുതൽ മൃഗങ്ങളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഒട്ടേറെ മൃഗങ്ങളുടെ അഭാവം മൃഗശാലയിൽ ഉണ്ട് എന്നത് സത്യമാണ്. അതിനാൽ, നിരവധി മൃഗങ്ങളെ ഇവിടെ എത്തിക്കാൻ നീക്കം നടക്കുന്നു. വിദേശരാജ്യങ്ങളുമായി പോലും തിരുവനന്തപുരം മൃഗശാല ബന്ധപ്പെട്ടു കഴിഞ്ഞു. തിരുപ്പതിയിൽ നിന്നും രണ്ട് സിംഹത്തെയും രണ്ട് ഹനുമാൻ കുരങ്ങിനെയും എത്തിച്ചെന്ന് മന്ത്രി അറിയിച്ചു. മൃഗങ്ങളെ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അവർ അറിയിച്ചു. 

മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പറ്റി പരാമർശം നടത്തിയ മന്ത്രി അടച്ചിടാൻ പാടില്ലാത്ത മൃഗമാണ് അതെന്ന് വ്യക്തമാക്കി. ഹനുമാൻ കുരങ്ങ് പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. സാധാരണഗതിയിൽ തുറന്നു വിട്ടാണ് വളർത്തുന്നത്. അതിനാൽ, തുറന്നു വിടാനുള്ള ശ്രമമാണ് നടന്നത്. പക്ഷെ, ചെറിയ പെൺകുരങ്ങ് പെട്ടെന്ന് ഓടിപ്പോയി. ഇണ ഇവിടെയുള്ളതുകൊണ്ട് തിരികെ ഇവിടെക്ക് തന്നെ തിരിച്ചെത്തി. പിടികൂടാൻ മയക്കുവെടി ആവശ്യമില്ല. ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യവും ഇവിടെ ചെയ്തു നൽകിയിട്ടുണ്ട് എന്നും അവർ വ്യക്തമാക്കി.

കുരങ്ങ് ഇനി ഇവിടെ നിന്ന് എങ്ങും പോകില്ല. അതിനെ ശല്യം ചെയ്യേണ്ടതില്ല. ഹനുമാൻ കുരങ്ങ് തളിരിലകൾ കഴിക്കുന്നുണ്ട്. താഴെ മൃഗശാല അധികൃതർ വച്ച ഭക്ഷണം ഇതുവരെ കഴിച്ചിട്ടില്ല. മയക്കുവെടി എന്ന സാധ്യതേയില്ല എന്നും അവർ അറിയിച്ചു. തിരുപ്പതിയിൽ നിന്നും മൃഗശാലയിലേക്ക് പുതുതായി എത്തിച്ച സിംഹങ്ങളിൽ ആൺ സിംഹത്തിന് പേര് ലിയോ എന്നും പെൺസിംഹത്തിന് നൈല പേര് നൽകിയെന്ന് മന്ത്രി അറിയിച്ചു.