വെട്ടിക്കുറച്ച ഇന്‍സെന്റീവും ദൈനംദിന വരുമാനവും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവന്തപുരത്ത് സൊമാറ്റോ ഡെലിവറി ഏജന്റുമാര്‍ നടത്തിയ വന്ന സമരം പിന്‍വലിച്ചു. ലേബര്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സൊമാറ്റോ അധികൃതരും ഏജന്റുമാരും തമ്മില്‍ നടത്തിയ ചര്‍ച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിച്ചത്.
ദൈനംദിന വരുമാനം കുത്തനെ കുറച്ചുകൊണ്ട് ഇന്‍സെന്റീവ് പേയ്‌മെന്റുകളില്‍ വരുത്തിയ മാറ്റവും വിശദീകരണം കൂടാതെ എപ്പോള്‍ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാം എന്ന നിബന്ധന മുന്നോട്ടുവച്ചതുമടക്കം മാനേജ്‌മെന്റ് നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ക്കെതിരെയായിരുന്നു സമരം.
ചൊവ്വാഴ്ചയായിരുന്നു സമരം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ മാനേജ്‌മെന്റ് ചര്‍ച്ചകള്‍ക്ക് തയാറാകാതിരുന്നതാണ് സമരം നീണ്ടു പോകാന്‍ ഇടയാക്കിയത്. കൂടാതെ സമരത്തില്‍ പങ്കെടുത്ത ഏജന്റുമാരുടെ അക്കൗണ്ടുകള്‍ സൊമാറ്റോ ഒരു മുന്നറിയിപ്പുമില്ലാതെ റദ്ദു ചെയ്തുവെന്നും സമരക്കാര്‍ ആരോപിച്ചു. സമരത്തില്‍ പങ്കെടുക്കുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും വിവരശേഖരണത്തിനുമായി ബൗണ്‍സര്‍മാരേയും നിയോഗിച്ചിരുന്നു. ഇത് സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന സ്ഥിതിയുണ്ടായി. സമരക്കാര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി കൂടി രംഗത്തെത്തിയതോടെ സമരം ശക്തിപ്പെടുകയായിരുന്നു. ഇതിനിടെ ചില സ്വിഗ്ഗി ഏജന്റുമാരും സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സൊമാറ്റോ മാനേജ്‌മെന്റ് ചര്‍ച്ചകള്‍ക്ക് തയാറാകുകയായിരുന്നു.
തുടര്‍ന്ന് അഡീ. ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാലിന്റെ നേതൃത്വത്തില്‍ ലേബര്‍ കമ്മീഷണറേറ്റിലാണ് ചര്‍ച്ച നടന്നത്. സൊമാറ്റോയെ പ്രതിനിധീകരിച്ച് വി.എം.ഹിരണ്‍, അഭിഷേക് ഷെട്ടി എന്നിവരും തൊഴിലാളികളെ പ്രതിനിധീകരിച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജു ഖാന്‍, ജില്ലാ പ്രഡിഡന്റ് വി.അനൂപ്, ഡി.സുരേഷ്, ബാലചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതിവാര ഇന്‍സെന്റീവും മഴസമയങ്ങളില്‍ ഇന്‍സെന്റീവും ഹോട്ടലിലെ വെയിറ്റിംഗ് സമയത്തില്‍ കുറവും വരുത്തുന്നതിനും ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം തീരുമാനമായി. നാലായിരം രൂപയ്ക്ക് മേല്‍ ഭക്ഷണ വിതരണം നടത്തുമ്പോള്‍ 15 ശതമാനം കമ്മിഷനും 5000 ത്തിനുമേല്‍ 25 ശതമാനവും 7500 രൂപയ്ക്ക് മുകളില്‍ ഭക്ഷണവിതരണം നടത്തുമ്പോള്‍ 35 ശതമാനവും വിതരണ തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവായി ലഭിക്കും.
മഴയുള്ള സമയങ്ങളില്‍ ലഭിച്ചിരുന്ന റെയിന്‍ സര്‍ജ് ബോണസ് മുന്‍ നിരക്കിലേക്ക് പുനഃസ്ഥാപിച്ചു. തിരക്കുള്ള സമയങ്ങളില്‍ ബോണസ് 25 രൂപയും അല്ലാത്ത സമയങ്ങളില്‍ 20 രൂപയുമാണ് ലഭിക്കുക. ഭക്ഷണം എടുക്കാനോ കൊടുക്കാനോ പോകുന്ന ലൊക്കേഷനുകളില്‍ യാത്രാദൂര വ്യത്യാസമുണ്ടെങ്കില്‍ അക്കാര്യം മാനേജ്‌മെന്റിനെ നേരത്തേ അറിയിക്കേണ്ടതാണ്. ആഴ്ചയിലൊരിക്കല്‍ ടീം ലീഡര്‍ സര്‍വീസ് അനുവദിക്കേണ്ടതാണ്. വെയിറ്റിംഗിനുള്ള അധിക തുക കണക്കാക്കുന്നതിന് റെസ്‌റ്റോറന്റുകളിലെ കുറഞ്ഞ വെയിറ്റിംഗ് സമയം 15 മിനിട്ടില്‍ നിന്ന് 10 മിനിട്ടാക്കി കുറച്ചു.
വിതരണ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കണം. അടുത്ത കാലത്തായി, ഡെലിവറി ഏജന്റുമാരെ ഏകപക്ഷീയമായി പിരിച്ചുവിടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കമ്പനി ഏജന്റുമാര്‍ക്ക് അയച്ച സമീപകാല നിബന്ധന ‘സൊമാറ്റോയ്ക്ക് എപ്പോള്‍ വേണമെങ്കിലും കരാര്‍ അവസാനിപ്പിക്കുന്നതിനും ഡെലിവറി പങ്കാളികളുടെ സൊമാറ്റോ പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനം എപ്പോള്‍ വേണമെങ്കിലും നിഷേധിക്കുകയും ചെയ്‌തേക്കാം’. എന്നാതായിരുന്നു. ഇതാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.