യുവാക്കളുടെ കഴിവ് സംരംഭകത്വ രംഗത്ത് നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . തൊഴിലന്വേഷകര്‍ക്ക് പകരം യുവാക്കള്‍ തൊഴില്‍ദാതാക്കളാകുന്നത് നവകേരള സൃഷ്ടിക്ക് കരുത്തു പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സംഘടിപ്പിച്ച ‘എന്‍ലൈറ്റ് 2020’ സംരംഭകത്വ വികസന ക്ലബ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യകരമായ സംരംഭകത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. നാട്ടില്‍ വ്യവസായങ്ങള്‍ വളരാനുള്ള എല്ലാ സാഹചര്യവും ഇപ്പോഴുണ്ട്. വ്യവസായം ആരംഭിക്കുന്നതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനായി ഏഴുനിയമങ്ങളും പത്തു ചട്ടങ്ങളും ഭേദഗതി ചെയ്തു. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനത്തിനുള്ളില്‍ കേരളത്തെ എത്തിക്കാനാണ് ശ്രമം. കൊച്ചിയില്‍ നടന്ന അസെന്‍റ് നിക്ഷേപക സംഗമത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. വ്യവസായികള്‍ നമ്മുടെ നാട്ടില്‍ വരാന്‍ സന്നദ്ധരാണ് എന്നതിന് തെളിവാണിത്.
ഇവിടെയാണ് യുവ സംരംഭകര്‍ക്കുള്ള പ്രാധാന്യം വര്‍ധിക്കുന്നത്. ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സാഹചര്യമാണ് കേരളത്തിലുള്ളത്. ലോകശ്രദ്ധ നേടിയ ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ നിന്നുയര്‍ന്നുവന്നത്. യുവാക്കളുടെ കഴിവുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.