Kerala

വിവാദ യൂട്യൂബർ ‘തൊപ്പി’യെ ജാമ്യത്തിൽ വിട്ടു

വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെ പൊലീസ് ജാമ്യത്തിൽ വിട്ടു. കണ്ണൂർ കണ്ണപുരം ,വളാഞ്ചേരി പൊലീസ് രെജിസ്റ്റർ ചെയ്ത കേസുകളിലാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. ഇന്ന് പുലർച്ചെ എറണാകുളത്തെ സുഹൃത്തിൻറെ ഫ്‌ലാറ്റിൽ നിന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് തൊപ്പിയെ വളാഞ്ചേരി പൊലീസ് പിടികൂടിയത്. 

മോശം പദ പ്രയോഗം ,ഗതാഗത തടസ്സം ഉണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ആയിരുന്നു വളാഞ്ചേരി പൊലീസ് തൊപ്പിയെ അറസ്റ്റു ചെയ്തത്.സ്ത്രീവിരുദ്ധ അശ്ലീല സംഭാഷണങ്ങൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ കണ്ണപുരം പൊലീസ് ഐടി ആക്ട് പ്രകാരവും കേസ് എടുത്തു. രണ്ടു കേസുകളിലും സ്റ്റേഷൻ ജാമ്യം ലഭിച്ചതോടെ നിഹാദിനെ വിട്ടയച്ചു. ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുക്കാനായി വളാഞ്ചേരി പൊലീസ് എറണാകുളത്തെ ഫ്‌ലാറ്റിൽ എത്തിയപ്പോൾ നിഹാദ് വാതിൽ ഉള്ളിൽ നിന്ന് പൂട്ടി . പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പങ്ക്വെച്ചു.വാതിൽ ചവിട്ടി പൊളിച്ചു പൊലീസ് അകത്ത് കയറി.

ഒരു മണിക്കൂറോളം വാതിലിന് പുറത്തുനിന്നു പോലീസ് ആണ് പുറത്ത് എന്ന് അറിഞ്ഞിട്ടും തൊപ്പി വാതിൽ തുറന്നില്ല.ലാപ്‌ടോപ്പിൽ ഉള്ള തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്നതായി പൊലീസ് കണക്കു കൂട്ടി.തുടർന്നാണ് വാതിൽ പൊളിച്ചതെന്നാണ് പോലീസ് വിശദീകരണം .വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ തൊപ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രോഗ്രാമുണ്ട് ഒരാഴ്ച കഴിഞെ ഹാജരാകാനാകൂ എന്നാണ് നിഹാദ് മറുപടി നൽകിയത് എന്നും പോലീസ് പറയുന്നു. ഇതോടെയാണ് എറണാകുളത്ത് പോയി കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്. വളാഞ്ചേരിയിലെ ഷോപ്പ് ഉദ്ഘാടനത്തിന് കഴിഞ്ഞ പതിനേഴാം തീയതിയാണ് നിഹാദ് എത്തിയത്. ഇവിടെ വെച്ച് മോശം പദ പ്രയോഗം നടത്തി, ഗതാഗത തടസ്സം ഉണ്ടാക്കി എന്നാണ് പരാതി.