മന്ത്രി കെ. ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ജലപീരങ്കിയും ഗ്രെനേഡും പ്രയോഗിച്ചു. വളാഞ്ചേരിയിലെ ജലീലിന്‍റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് റോഡില്‍ തടഞ്ഞു. തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ബി ഗോപാലകൃഷ്ണന് പരിക്കേറ്റു.
സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി.
യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കലക്‍ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കിയും ഗ്രെനേഡും പ്രയോഗിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കമ്മീഷണര്‍ ഓഫീസിലേക്കാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രിയുടെ തവനൂരിലെ വീട്ടിലേക്ക് യൂത്ത് ലീഗും യുവമോര്‍ച്ചയും പ്രതിഷേധ മാര്‍ച്ചും നടത്തി. തവനൂരിലെ എം.എല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടന്നു.
കൊല്ലം ജില്ലയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് നേരെയും ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ചാ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിയും വീശി. തൃശൂരില്‍ ബിജെപി നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എറണാകുളത്തും കണ്ണൂരും കോട്ടയത്തും പത്തനംതിട്ടയിലും പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു.