Kerala

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

കുത്തേറ്റത് ലീഗ് ഓഫീസിലെ മധ്യസ്ഥ ചര്‍ച്ചക്ക് പിന്നാലെ. അയല്‍വാസി അറസ്റ്റില്‍

കോഴിക്കോട് തൊട്ടില്‍പ്പാലത്ത് മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചക്ക് പിന്നാലെ യുവാവ് കുത്തേറ്റു മരിച്ചു. ബെല്‍മൌണ്ട് സ്വദേശി അന്‍സാറാണ് മരിച്ചത്. ഇയാളെ കുത്തിയ അയല്‍വാസി അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനായി മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വമാണ് മധ്യസ്ഥ ചര്‍ച്ച നടത്തിയത്. നവമാധ്യമങ്ങളില്‍ അഹമ്മദിനും കുടുംബത്തിനുമെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകനായ അന്‍സാറും ഷിഹാബും അപവാദ പ്രചരണം നടത്തിയതായി പരാതിയുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രശ്നം പരിഹരിക്കാനായി അഹമ്മദ് മുസ്ലീം ലീഗിന്‍റെ പ്രാദേശിക നേതൃത്വത്തെ സമീപിച്ചു.

തുടര്‍ന്നാണ് മധ്യസ്ഥ ചര്‍ച്ചക്കായി ഇരു കൂട്ടരെയും തൊട്ടില്‍പ്പാലം ലീഗ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയത്. മധ്യസ്ഥചര്‍ച്ചക്കു ശേഷം ഇരു കൂട്ടരും രമ്യമായി പിരിഞ്ഞു. എന്നാല്‍ ഓഫീസിനു പുറത്തെത്തിയതിനു പിന്നാലെ വീണ്ടും തര്‍ക്കമുണ്ടായി. ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ ബാഗില്‍ നിന്നും അഹമ്മദ് കത്തിയെടുത്ത് അന്‍സാറിനെ കുത്തുകയായിരുന്നുവെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. ഇതിനിടെ ശിഹാബിനും പരിക്കേറ്റു. ഉടന്‍ തന്നെ ലീഗ് നേതാക്കള് അഹമ്മദിനെയും ഭാര്യയേയും തടഞ്ഞു വെച്ച് പൊലീസിലേല്‍പ്പിച്ചു.ഗുരുതരമായി പരുിക്കേറ്റ അന്‍സാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ മരിച്ചു.