യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘സമരജ്വാല’ എന്ന പേരില്‍ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതാണെന്നും വ്യാജമായ കുറ്റങ്ങള്‍ എഴുതി ചേര്‍ത്ത് കേസ് ശക്തിപ്പെടുത്തിയെന്നുമാണ് ആരോപണം. അതേസമയം രാഹുലിന് ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. ജാമ്യം നിഷേധിച്ചു കൊണ്ടുള്ള കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. വഞ്ചിയൂര്‍ കോടതി ജാമ്യപേക്ഷ തളളി 22 വരെ റിമാന്‍ഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞമാസം 20ന് നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിലെ കേസിൽ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷനേതാവ് ഒന്നാം പ്രതിയായ കേസിൽ രാഹുലിനറെ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ അടൂരിലെ വീട്ടിൽ നിന്നും കൻറോൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്കെത്തിച്ചു. ഫോർട്ട് ആശുപത്രിയിലെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.
പിന്നാലെ രാഹുലിൻറെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകി. പ്രോസിക്യൂഷനും രാഹുലിൻറെ അഭിഭാഷകനും തമ്മിലെ വാദപ്രതിവാദങ്ങൾ ഒരുമണിക്കൂറോളും നീണ്ടു. പ്രതിഷേധമല്ല, അക്രമാണ് നടന്നതെന്നും പട്ടികകൊണ്ട് പൊലീസുകാരനെ ആക്രമിച്ചുവെന്നും രാഹുലിന് ജാമ്യം കൊടുക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അക്രമം തടയേണ്ട രാഹുൽ അതിന് ശ്രമിച്ചില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ സ്വാഭാവിക പ്രതിഷേധമാണ് ഉണ്ടായതെന്ന് രാഹുലിൻറെ അഭിഭാഷകൻ വാദിച്ചു.