Kerala

എറണാകുളത്ത് സിൽവർ ലൈൻ സാറ്റലൈറ്റ് സർവേ തടഞ്ഞ് യൂത്ത് കോൺ​ഗ്രസ്

എറണാകുളം മാമലയിൽ സിൽവർലൈൻ സാറ്റലൈറ്റ് സർവേ ആരംഭിക്കാനായി ഉദ്യോ​ഗസ്ഥരെത്തി. ഇവിടെ സർവേ നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും രം​ഗത്തെത്തി. മാർക്സിസ്റ്റ് പാർട്ടിക്കും പിണറായി വിജയനും പണമുണ്ടാക്കാനുള്ള പദ്ധതിയാണിതെന്നും ഇത് ഇവിടെ നടപ്പാക്കില്ലെന്നും യൂത്ത് കോൺ​ഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തേ രം​ഗത്തെത്തിയിരുന്നു. കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ. കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണം. ജനങ്ങളുടെ പ്രതിഷേധം സർക്കാർ അപമാനമായി കാണരുത്. പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല. ഹൈ സ്പീഡ് റെയിൽ കേരളത്തിന്‍റെ പശ്ചാത്തലത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ് സർക്കാർ വേണ്ടെന്നുവച്ചത്. വിഴിഞ്ഞം പദ്ധതി പോലും ഇതുവരെ റോ മെറ്റീരിയൽസ് ഇല്ലാത്തതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ പലയിടത്തും സില്‍വര്‍ കല്ലിടല്‍ തുടരുന്നതിനിടെ ഇന്നും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. കോട്ടയം നട്ടാശേരിയില്‍ സില്‍വര്‍ ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. 12 കല്ലുകളാണ് ഇന്ന് രാവിലെ നാട്ടുകാരെത്തും മുന്‍പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചത്. അതേസമയം പിറവത്ത് നടക്കുന്ന സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ അനൂപ് ജേക്കബ് എംഎല്‍എ രംഗത്തെത്തി.

കല്ലിടുന്നത് എവിടെയെന്നുപോലും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നിലെന്ന് അനൂപ് ജേക്കബ് ട്വന്റിഫോറിനോട് പറഞ്ഞു. ഇത്തരം നടപടികള്‍ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നു. പിറവം സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ പ്രതികരണം ജനവികാരം മനസിലാക്കിയാണ്. കെ റെയില്‍ എംഡിക്കെതിരെ കേസെടുക്കണമെന്നും അനൂപ് ജേക്കബ് എംഎല്‍എ പ്രതികരിച്ചു. ഇതിനിടെ അതിരടയാളക്കല്ലിടാന്‍ റവന്യുവകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് റവന്യു മന്ത്രി കെ രാജന്റെ വിശദീകരണം.