Kerala

പൊലീസിനെ ഫോണിൽ വിളിച്ച് മരണമൊഴി നൽകിയ ശേഷം യുവാവ് ജീവനൊടുക്കി

പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് പൊലീസിനെ ഫോണിൽ വിളിച്ച് മരണമൊഴി നൽകിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽജിത്തിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊടുപുഴ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് അമൽജിത്ത് പോലീസിന് മൊഴി നൽകിയത്. വിഴിഞ്ഞം പൊലീസ് കേസടുത്തു. 

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെങ്ങാനൂർ സ്വദേശിയായ അമൽജിത്ത് കൺട്രോൾ റൂമിലേക്കാണ് വിളിച്ചത്. തൊടുപുഴ പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നും,സി.ഐ തന്റെ ജീവിതം നശിപ്പിച്ചതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നുമായിരുന്നു പറഞ്ഞത്. കുടുംബ പ്രശ്‍നങ്ങളുടെ പേരിൽ തന്നെ മാത്രം പ്രതിയാക്കി. 49 ദിവസം ജയിലിലും 17 ദിവസം മാനസിക ആരോഗ്യ ആശുപത്രിയിലും കഴിയേണ്ടി വന്നു. ജീവിതം നശിപ്പിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും അമൽജിത് ഫോണിലൂടെ അറിയിച്ചു.

കൺട്രോൾ റൂമിലെ പോലീസുകാരൻ ഇയാളെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.വിവരം കൺട്രോൾ റൂമിൽ നിന്ന് വിഴിഞ്ഞം പൊലീസിന് കൈമാറി. വിഴിഞ്ഞം പൊലീസ് വീട് കണ്ടെത്തി എത്തിയപ്പോഴേക്കും അമൽജിത് മരിച്ചിരുന്നു. സുഹൃത്തുക്കൾക്കുൾപ്പടെ പൊലീസുമായി നടത്തിയ ഫോൺ സംഭാഷണം അയച്ചു നൽകിയിരുന്നു.

എന്നാൽ അമൽജിത് തൊടുപുഴ സ്വദേശിയായ സ്ത്രീയുമായി പ്രണയത്തിലായിരുന്നുവെന്നും, ഇവരുടെ ഭർത്താവിനെ ആക്രമിച്ച സംഭവത്തിലാണ് കേസെടുത്തതെന്നും തൊടുപുഴ പോലീസ് വിശദീകരിക്കുന്നു. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.