ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. വൈകിട്ട് പത്തനംതിട്ടയിൽ രണ്ട് യോഗങ്ങളിൽ യോഗി പങ്കെടുക്കും. നാല് ലോക്സഭാ മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് സംസാരിക്കുക.
തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് ആദ്യം സംബന്ധിക്കുക. തുടർന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്ത് തല ഭാരവാഹികളെ അഭിസംബോധന ചെയ്യും. ശബരിമല പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ ബി.ജെ.പിയുടെ സംഘടനാ പ്രവർത്തനങ്ങളുടെ ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് യു.പി മുഖ്യമന്ത്രിയെ പത്തനംതിട്ടയിലെത്തിക്കുന്നത്. അദ്ദേഹത്തിന്റെ വരവ് സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകർക്ക് ആവേശം പകരുമെന്നാണ് കണക്കുകൂട്ടൽ. 22 ന് പാലക്കാട് ചേരുന്ന മറ്റ് നാല് മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ സംബന്ധിക്കും. 28ന് ബൂത്ത് തല ഭാരവാഹികളോട് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കും. പരമാവധി ദേശീയ നേതാക്കളെ സംസ്ഥാനത്തെത്തിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ബി.ജെ.പി തീരുമാനം.