Kerala

സംസ്ഥാനത്ത് കനത്ത മഴ; മധ്യകേരളത്തില്‍ പലയിടത്തും വെള്ളക്കെട്ട്, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ആറ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇന്നലെ രാത്രി മുതൽ പലയിടങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരത്ത് മലയോര പ്രദേശങ്ങളിൽ മഴ തുടരുകയാണ്.

അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. ആലപ്പുഴയിൽ ശക്തമായ മഴയെ തുടർന്ന് ദേശീയപാതയിൽ ചേർത്തല, അരൂർ ഭാഗങ്ങളിൽ വെള്ളം കയറി. വീടുകൾക്ക് അകത്തും വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. ഇടുക്കിയിൽ കട്ടപ്പനയിലും വണ്ടിപ്പെരിയാറും ശക്തമായ മഴയുണ്ട്. കോട്ടയം റബ്ബര്‍ ബോര്‍ഡിന് സമീപത്തെ ട്രെയിന്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണു. തൃശൂർ ഇടവിട്ടുള്ള ‘മഴയിൽ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഒറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.