Kerala

ആര്‍.എസ്.എസിന്റെ ഹിന്ദുത്വ രാഷ്ട്രത്തിനുള്ള ശ്രമമാണ് പൌരത്വ ഭേദഗതി ബില്ലെന്ന് യെച്ചൂരി

ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രത്തിനുള്ള ശ്രമമാണ് പൌരത്വ ഭേദഗതി ബില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അയോധ്യ വിധിയിൽ ന്യായം ലഭ്യമാക്കാൻ സുപ്രീം കോടതിക്ക് കഴിഞ്ഞില്ലെന്നും യെച്ചൂരി പറഞ്ഞു. ഇ.എം.എസ് പഠന ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘അയോധ്യ-ശബരിമല വിധികളും ഭരണഘടനയും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു -മുസ്ലിം വിഭജനമാണ് ലക്ഷ്യമിടുന്നതെന്ന് യെച്ചൂരി ആരോപിച്ചു. സുപ്രീം കോടതിയുടെ മേൽ പോലും സമ്മർദ്ദമുണ്ടാവുന്ന കാലമാണ്.അയോധ്യ വിധിയിൽ ന്യായം ലഭ്യമാക്കാൻ സുപ്രീം കോടതിക്ക് കഴിഞ്ഞില്ലെന്നും യെച്ചൂരി പറഞ്ഞു. ശബരിമല വിധി നടപ്പാക്കണം എന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. വ്യക്തത ഇല്ലാത്തതാണ് വിധി നടപ്പാക്കുന്നതിലെ ആശയക്കുഴപ്പത്തിന് കാരണം.

കൊച്ചി ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ തൊഴിലാളികൾ നടത്തുന്ന സമരത്തിലും യെച്ചൂരി പങ്കെടുത്തു. ലാഭത്തിൽ പ്രവർത്തിയ്ക്കുന്ന സ്ഥാപനം വിൽക്കുന്നത് കോർപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടിയാണെന്ന് യെച്ചൂരി ആരോപിച്ചു.