India Kerala

സര്‍ക്കാര്‍ സഹായിച്ചുവെന്ന് യാക്കോബായസഭ; സഹായിച്ചവരെ തിരിച്ച് സഹായിക്കുമെന്നും സഭ

സഭയെ സഹായിച്ചവരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന് യാക്കോബായ സഭ. സമീപകാലത്ത് ഉണ്ടായ പ്രതിസന്ധി ഘട്ടങ്ങളില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നീതിപൂര്‍വ്വമായ നിലപാടാണ് സ്വീകരിച്ചതെന്നും അത് മറക്കാനാകില്ലെന്നും യാക്കോബായ സഭ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പറഞ്ഞു. അതേസമയം ഓര്‍ത്തഡോക്സ് സഭക്ക് നീതി നിഷേധിച്ചതാരാണെന്ന് വ്യക്തമായതായും ഇതിനെതിരെ സഭാ വിശ്വാസികള്‍ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും ഓര്‍ത്തഡോക്സ് സഭ നേതൃത്വവും വ്യക്തമാക്കി.

ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലമായി വിധിയുണ്ടായിട്ടും അത് നടപ്പിലാക്കാതെ തങ്ങള്‍ക്ക് അനുകൂലമായി നീതി നടപ്പിലാക്കിയെന്നാണ് യാക്കോബായ സഭ അധ്യക്ഷന്‍ ബസോലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വ്യക്തമാക്കിയത്. യാക്കോബായ- ഓര്‍ത്തഡോക്സ് സഭ തര്‍ക്കത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിലപാട് യാക്കോബായ സഭയോട് നീതി പൂര്‍വ്വകമായ സമീപനത്തോടെയുള്ളതായിരുന്നു.

എന്നാല്‍ യാക്കോബായ സഭ അംഗമായ ചാലക്കുടിയിലെ സ്ഥാനാര്‍ഥി ബെന്നി ബഹനാനെ പിന്തുണക്കാന്‍ സഭ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. മറ്റ് സീറ്റുകളില്‍ എല്‍ഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം. അതേസമയം യാക്കോബായ സഭ അധ്യക്ഷന്റെ പ്രസ്താവന പുറത്ത് വന്നതോടെ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭയും രംഗത്തെത്തി. സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്ന ഓര്‍ത്തഡോക്സ് സഭയുടെ പരാതി ശരിവെക്കുന്നതാണ് യാക്കോബായ സഭ അധ്യക്ഷന്റെ നിലപാടിലൂടെ വ്യക്തമാകുന്നതെന്നും നീതി നിഷേധിക്കപ്പെട്ട സഭ വിശ്വാസികളുടെ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മന്‍ വ്യക്തമാക്കി.