India Kerala

യാക്കോബായ സഭയ്ക്ക് പുതിയ ട്രസ്റ്റി; തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് ഒരു വിഭാഗം

യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന സഭാ സുന്നഹദോസിൽ വോട്ടെടുപ്പിലൂടെയാണ് തീരുമാനം. മാർ ഗ്രിഗോറിയോസിന് 12 വോട്ടുകളാണ് ലഭിച്ചത്.

തോമസ് മാർ തീമോത്തിയോസിന് 4 വോട്ടുകളും എബ്രഹാം മാർ സെവേറിയോസിന് 2 വോട്ടുകളും ലഭിച്ചു. ഒരു വോട്ട് അസാധുവായി. ആകെ 19 മെത്രാപ്പോലീത്തമാരാണ് സുന്നഹദോസിൽ പങ്കെടുത്തത്. ആഗസ്റ്റ് 28ന് ചേരുന്ന മലങ്കര അസോസിയേഷനിൽ തീരുമാനം ഔദ്യോഗികമായി അംഗീകരിക്കും.

എന്നാല്‍ ട്രസ്റ്റി തെരഞ്ഞെടുപ്പിനെതിരെ സഭയിലെ ഒരു വിഭാഗം രംഗത്തുവന്നു. തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും സമവായത്തിലൂടെയാകണം ട്രസ്റ്റിയെ തെരഞ്ഞെടുക്കേണ്ടതെന്നുമാണ് തോമസ് മാര്‍ തീമോത്തിയോസിന്റെ നിലപാട്. തന്റെ പേര് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തിയത് പോലും അംഗീകരിക്കുന്നില്ലെന്നും മാര്‍ തിമോത്തിയോസ് കൂട്ടിച്ചേര്‍ത്തു.