കൊച്ചി: റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തന്നെ തുടര്‍ന്ന് കിഴക്കമ്പലം കിറ്റക്‌സ് (Kitex) സംഘര്‍ഷത്തില്‍ അറസ്റ്റിലായ പ്രതികള്‍. ഗുരുതരമല്ലാത്ത വകുപ്പുകള്‍ ചുമത്തിയ പ്രതികള്‍ക്ക് പോലും നിയമസഹായം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനാകുന്നില്ല. ജാമ്യവ്യവസ്ഥ നടപ്പാക്കാന്‍ വരെ തൊഴിലുടമയോ ലീഗല്‍ സര്‍വീസ് സൊസൈറ്റിയോ സഹായിക്കുന്നില്ലെന്ന് അറസ്റ്റിലായ തൊഴിലാളികളുടെ ബന്ധുക്കള്‍ പറയുന്നു. പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു.
കഴിഞ്ഞ ഡിസംബര്‍ രാത്രി പൊലീസിനെ ആക്രമിച്ച കേസില്‍ കിറ്റെക്‌സ് കമ്പനിയില്‍ തൊഴിലെടുക്കുന്ന 174 പേരാണ് അറസ്റ്റിലായത്. ഇതില്‍ 51 പ്രതികള്‍ക്കെതിരെയാണ് ഗുരുതര വകുപ്പുകള്‍ ചുമത്തിയത്. എന്നാല്‍ നിസാര വകുപ്പുകള്‍ ചുമത്തിയ 120 പ്രതികള്‍ പോലും റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കിയിട്ടും ജയിലില്‍ തുടരുന്നു. ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ ഇടപെടല്‍ കാര്യക്ഷമമല്ല. സ്വാഭാവിക ജാമ്യം കിട്ടുന്നവര്‍ പോലും ആള്‍ജാമ്യവും 7000 രൂപ ബോണ്ടും ഹാജരാക്കാന്‍ ഇല്ലാത്തതിനാല്‍ ജയിലില്‍ തന്നെ തുടരുന്നു. തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഉത്തരേന്ത്യയിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ചുരുക്കം ചിലരുടെ ബന്ധുക്കള്‍ എറണാകുളത്ത് എത്തിയെങ്കിലും പണമില്ലാത്തതിനാല്‍ നിയമനടപടി തുടരാനാകുന്നില്ല. വിഷയത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലെന്നുമാണ് കിറ്റെക്‌സ് കമ്പനിയുടെ നിലപാട്. തൊഴിലാളികളുടെ ബന്ധുക്കളെ വിവരം അറിയിച്ച് നിയമനടപടി തുടരാനുള്ള ശ്രമത്തിലാണ് പ്രോഗസ്റ്റീവ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ അടക്കമുള്ള സന്നദ്ധ സംഘടനകള്‍.