എറണാകുളം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ജില്ലയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും ലോക്ക് ഡൗണിനെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടി തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസം രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. ഇത് നൽകുന്ന ആശങ്ക ചെറുതല്ല. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിലും വർധന രേഖപ്പെടുത്തുണ്ട്. ഈ പശ്ചാത്തലത്തിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ധാരണയായിട്ടുണ്ട്. എറണാകുളത്ത് 21 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പതിനൊന്ന് പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.
ജില്ലയിൽ രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാൻ തീരുമാനമായിരുന്നു. മാനദണ്ഡ പ്രകാരം പൂൾ ടെസ്റ്റിംഗ് വഴി കൂടുതൽ സാമ്പിളുകൾ പരിശോധിക്കും. സെന്റിനൽ സർവെയ്‌ലൻസിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പരിശോധന നടത്തും. സ്വകാര്യ ആശുപത്രികളിൽ രോഗ ലക്ഷണങ്ങളുമായി എത്തുന്ന ആളുകൾക്ക് സ്വകാര്യ ലാബുകളിൽ പരിശോധനക്ക് സൗകര്യം ഏർപ്പെടുത്തും. സ്വകാര്യ ആശുപത്രികളിൽ ആന്റിജൻ ടെസ്റ്റിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പരിശോധനക്കായി അമിതമായ തുക ഈടാക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായിരുന്നു.