Kerala

പാലായും കുട്ടനാടും വിട്ടുകൊടുക്കാനാവില്ലെന്ന് എൻസിപി; എൻസിപിക്കായി വാതിൽ തുറന്ന് യുഡിഎഫ്

പാലായും കുട്ടനാടും വിട്ടുകൊടുക്കാനാവില്ലെന്ന് എൻസിപി. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് പാലാ സീറ്റ് വിട്ടുനൽകാമെന്ന് എൽഡിഎഫ് ജോസ് കെ മാണിയോട് പറഞ്ഞതായാണ് വിവരം. ഈ പശ്ചാത്തലത്തിലാണ് മാണി സി കാപ്പൻ നിലപാടിൽ ഉറച്ച് തന്നെ നിൽക്കുന്നത്.

എൻസിപിയിൽ രണ്ട് പക്ഷം രൂപപ്പെട്ടിട്ടുണ്ട്. മാണി സി കാപ്പൻ പക്ഷവും, ശശീന്ദ്രൻ പക്ഷവും. എൽഡിഎഫ് വിടേണ്ടതില്ല എന്ന നിലപാടിലാണ് ശശീന്ദ്രൻ. പക്ഷേ മാണി സി കാപ്പൻ ദേശിയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വിട്ടുവീഴ്ചയ്ക്ക് വഴങ്ങേണ്ടെന്നാണ് പവാറിന്റെ നിർദേശം. ശരത് പവാർ സിപിഐഎം ദേശീയ നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്.

കേരള കോൺഗ്രസ് മുന്നണി പ്രവേശം അടക്കം ചർച്ച ചെയ്യാൻ എൻസിപി അടിയന്തര നേതൃയോഗം വിളിച്ചിട്ടുണ്ട്. വെളളിയാഴ്ച കൊച്ചിയിലാണ് ഭാരവാഹി യോഗം നടക്കുക.

അതേസമയം, എൻസിപിക്കായി വാതിൽ തുറന്നിരിക്കുകയാണ് യുഡിഎഫ്. മാണി സി കാപ്പനുമായി കോൺഗ്രസ് രഹസ്യ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. പാലാ സീറ്റ് വാഗ്ദാനം ചെയ്തുവെന്നും എൻസിപിയെ മുന്നണിയിലെടുക്കാമെന്നും വാഗ്ദാനം ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം.