സ്റ്റുഡ ന്റ് പൊലീസിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കില്ലെന്ന് സർക്കാർ. ഹിജാബ് അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ആവശ്യത്തിലാണ് സർക്കാർ ഉത്തരവ്. മതപരമായ വസ്ത്രങ്ങൾ സേനയുടെ മതേതരത്വ നിലപാടിന് തിരിച്ചടിയാകുമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിയെ അറിയിച്ചു.
യൂണിഫോമിൽ തലമറക്കാനും ഫുൾ സ്ലീവ് വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. തന്റെ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യൂണിഫോമിനൊപ്പം തട്ടം ഇടാനും കൈകൾ പൂർണമായി മറയ്ക്കുന്നതരത്തിൽ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്നായിരുന്നു വിദ്യാർത്ഥിനിയുടെ ആവശ്യം. കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിസ നഹാനാണ് കോടതിയെ സമീപിച്ചത്.
എന്നാൽ കേരള പൊലീസിന്റെ മാതൃകയിലാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ യൂണിഫോമെന്നും ഇതിൽ മതപരമായ മുദ്രകൾ അനുവദിക്കാൻ ആവില്ലെന്നും സർക്കാര്‍ അന്ന് തന്നെ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പൊലീസ് സേനയ്ക്ക് പൊതുവായ യൂണിഫോം ആണ് നിലവിൽ ഉള്ളതെന്നും സർക്കാർ വിശദികരിച്ചു. ഹർജിക്കാരിക്ക് ഈ ആവശ്യമുന്നയിച്ച് സർക്കാരിനെ സമീപിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കി. തുടർന്നാണ് വിദ്യാർത്ഥിനി സർക്കാരിനെ സമീപിക്കുന്നത്. ഈ ആവശ്യത്തിലാണ് നിലവിലെ സർക്കാർ മറുപടി.