India Kerala

അമ്പലവയല്‍ വിഷയത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷൻ

കേരളത്തിൽ വർധിച്ച് വരുന്ന സദാചാര പൊലീസിങ് അപലപനീയമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. അമ്പലവയൽ വിഷയത്തിൽ ശക്തമായ നടപടി കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ജോസഫൈൻ പറഞ്ഞു. കൊച്ചിയിൽ വനിതാ കമ്മീഷൻ നടത്തിയ മെഗാ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫൈൻ.

വയനാട് അമ്പലവയലിൽ ദമ്പതികളെ മർദിച്ച സംഭവത്തിലാണ് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ പ്രതികരണം. വിഷയത്തിൽ ശക്തമായ നടപടി കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും ജോസഫൈൻ പറഞ്ഞു.

വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ 95 പരാതികളില്‍ 23 എണ്ണം തീർപ്പാക്കി. മക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ അഞ്ച് പരാതികളും മകൻ കടം വാങ്ങിയ എട്ട് ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള മാതാവിന്റെ പരാതിയും അദാലത്തിലെത്തി. ഈ പരാതിയിൽ നേരത്തെ ജില്ലാ കലക്ടറും വനിതാ കമ്മീഷനും മാതാവിന് അനുകൂലമായി ഉത്തരവുകൾ നൽകിയിരുന്നു. ഇത് നടപ്പാക്കാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.