India Kerala

യുവതിയെ വീട്ടുതടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ വനിത കമ്മീഷൻ ഇടപെടൽ

പാലക്കാട് തൃത്താലയിൽ ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ വീട്ടുതടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ വനിത കമ്മീഷൻ ഇടപെടൽ. പെൺകുട്ടിയെ ഹാജരാക്കാൻ കമ്മീഷൻ പൊലീസിന് നിർദേശം നൽകി. രാവിലെ 10 മണിക്ക് ഷൊർണൂർ ഡി.വൈ.എസ്.പി ഓഫീസിലാണ് യുവതിയെ ഹാജരാക്കുക.

ദലിത് യുവാവിനെ വിവാഹം ചെയ്തതിനാണ് നവവധുവിനെ വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. തൃത്താല സ്വദേശി ഷാജിയുടെ ഭാര്യയെയാണ് ഭാര്യ വീട്ടുകാർ ഒരു മാസമായി തടവിൽ വെച്ചിരിക്കുന്നത്. സംഭവം വാർത്തയായതോടെ വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി തൃത്താലയിലെത്തി. പെൺകുട്ടിയുടെ മലപ്പുറം പാങ്ങിലെ വീട്ടിലെത്തിയെങ്കിലും വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ 10 മണിക്ക് ഷൊർണൂർ ഡി.വൈ.എസ്.പി ഓഫീസിൽ യുവതിയെ ഹാജറാകണമെന്ന് വനിത കമ്മീഷൻ പാലക്കാട് ജില്ലാ പൊലീസിന് നിർദേശം നൽകി. വനിത കമ്മീഷൻ ചെയർപേഴ്സൺ എംസി ജോസഫൈനും ഷൊർണൂരിലെത്തും. യുവതിയെ ബലം പ്രയോഗിച്ച് വീട്ടുകാർ കൊണ്ടു പോയതാണെന്ന് ഷാജി പൊലീസിന് പരാതി നൽകിയിട്ടുണ്ട്.