Kerala

മരണത്തിൽ കലാശിക്കുന്ന ലഹരി; ബിജിഷ ഓൺലൈൻ റമ്മി കളിച്ചത് വിവാഹത്തിനായി കരുതിവച്ച സ്വർണം പോലും പണയപ്പെടുത്തി

ഓൺലൈൻ റമ്മി കളി ഒരു ലഹരിയാണ്. ഒടുവിൽ മരണത്തിൽ കലാശിക്കുന്ന ലഹരി. ആൺ പെൺ വ്യത്യാസമില്ലാതെ ഓൺലൈൻ റമ്മി കളിയിൽ കുരുങ്ങി ജീവിതം അവസാനിപ്പിച്ചവർ നമ്മുടെ ഇടയിലുണ്ട്. ഓൺലൈൻ ഗെയിമുകളുടെ ചതിക്കുഴികളിലേക്ക് നീങ്ങുന്നവർക്ക് ഇതൊരു പാഠമാണ്. ട്വന്റിഫോർ പരമ്പര ‘ഓൺലൈൻ കെണി’.

ആദ്യം കുറച്ച് സാമ്പത്തിക നേട്ടം, ഇതോടെ കളി ലഹരിയിലാകും. പിന്നെ കൈയിലുള്ള പണമെല്ലാം പതുക്കെ അറിയാതെ നഷ്ടമാകും. തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ കടം വാങ്ങി തുടങ്ങും. ആ കടം അവസാനിക്കുന്നത് മരണത്തിലായിരിക്കും. കോഴിക്കോട് കൊയിലാണ്ടി ചേലിയ സ്വദേശിനി ബിജഷയ്ക്ക് സംഭവിച്ചതും അതുതന്നെയാണ്.

ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായിരുന്ന ബിജിഷയെ കഴിഞ്ഞ ഡിസംബർ 12നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിജിഷ ഒരു കോടി രൂപയിലധികം ഇടപാട് നടത്തിയെന്ന് ലോക്കൽ പൊലീസിന് വിവരം ലഭിച്ചതോടെ മരണത്തിൽ ദുരൂഹത നിറഞ്ഞു. ആശങ്കയിലായ വീട്ടുകാരും നാട്ടുകാരും ആക്ഷൻ കമ്മറ്റി രൂപീകരിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചാണ് ഓൺലൈൻ റമ്മിയാണ് മരണക്കെണി ഒരുക്കിയതെന്ന് കണ്ടെത്തിയത്. പരിചയക്കാരോടെല്ലം കടം വാങ്ങി ഗെയിം കളിച്ച് തോറ്റ്, തിരിച്ച് നൽകാൻ കഴിയാത്ത വിധം കുരുക്കിലായപ്പോഴാണ് ബിജിഷ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചത്.

വിവാഹത്തിനായി കരുതിവച്ച സ്വർണം പോലും പണയപ്പെടുത്തി ഗെയിം കളിച്ച ബിജിഷ, അവൾ വീണ കുരുക്കിന്റെ ആഴം തെളിയിക്കുന്നു. ചേലിയ ഗ്രാമത്തിന്റെ നിഷ്ങ്കളതയിൽ ജീവിക്കുന്ന അച്ഛനും അമ്മയ്ക്കും മകളെ വീഴുത്തിയ ചതിക്കുഴിക്കുറിച്ച് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.