Kerala

ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 15000 കടക്കും

പതിനായിരം പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ പതിനയ്യായിരത്തിന് മുകളിലെത്തുമെന്ന് വിലയിരുത്തല്‍. പതിനായിരം പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

സംസ്ഥാനത്ത് അനുദിനം രോഗവ്യാപനം കുതിക്കുകയാണ്. പരിശോധന 73,000ത്തില്‍ എത്തിയതോടെ രോഗികളുടെ എണ്ണം പതിനായിരം കടന്നു. 14.36 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നാല് ജില്ലകളില്‍ വീണ്ടും പ്രതിദിന കേസുകളുടെ എണ്ണം ആയിരം കടന്നു. കോവിഡ് മരണവും 900ത്തിന് മുകളിലായി.

ഓണം ക്ലസ്റ്ററാണ് സെപ്തംബര്‍ പകുതിയോടെ കോവിഡ് ഗ്രാഫ് കുതിച്ചുയരാന്‍ കാരണം. ഒപ്പം രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളും. നിലവില്‍ കേസുകള്‍ ഇരട്ടിക്കുന്നതിന്‍റെ ഇടവേള കുറഞ്ഞിട്ടുണ്ട്. കോവിഡ് ഗ്രാഫ് വരും ദിവസങ്ങളിലും കുതിച്ചുയരുമെന്നാണ് വിദഗ്‍ധരുടെ അഭിപ്രായം. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി രോഗവ്യാപന തോത് കുറക്കാനാണ് ശ്രമം. ഒപ്പം മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ റിവേഴ്സ് ക്വാറന്‍റൈയിന്‍ ശക്തിപ്പെടുത്തും. സമ്പര്‍ക്കവ്യാപനം കുറക്കുന്നതിനായി പരിശോധനകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം രോഗമുക്തരുടെ എണ്ണവും ആനുപാതികമായി വര്‍ധിക്കുന്നതാണ് ആശ്വാസകരം.