ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തിരക്കിട്ട നീക്കം. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉടന്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. ഡി.സി.സി അധ്യക്ഷന്‍മാരെ നിശ്ചയിക്കുന്നത് വൈകിയതോടെ കെ.പി.സി.സിയിലെ സഹഭാരവാഹികളെ നിശ്ചയിക്കുന്നതും നീണ്ടു പോകുകയാണ്.
അതൃപ്തിയും തര്‍ക്കവും പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രഖ്യാപനം ഇനിയും നീട്ടരുതെന്ന നിലപാടിലാണ് കെ.പി.സി.സി നേതൃത്വം. വൈകുന്നത് ഗുണകരമാവില്ലെന്നത് ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ആശയ വിനിമയത്തിന്‍റെ കൂടി അടിസ്ഥാനത്തില്‍ കെ.പി.സി.സി നല്‍കിയ പട്ടികയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കും. ഇക്കാര്യത്തില്‍ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മില്‍ ആശയ വിനിമയം നടന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇന്ന് രാത്രിയോടെ ഡല്‍ഹിയിലേക്ക് തിരിച്ചേക്കും. തുടര്‍ന്ന് സ്ഥിതി ഗതികള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. താമസിയാതെ പട്ടിക പ്രഖ്യാപിക്കാനാകുമെന്നാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍.
ഗ്രൂപ്പുകള്‍ കെ.പി.സി.സി നേതൃത്വത്തിന് എതിരെ നീങ്ങുന്നുവെന്ന പരാതി നേതൃത്വത്തിനുണ്ട്. സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ മുന്നൊരുക്കം പുറത്തായത് ഐ ഗ്രൂപ്പിന് തിരിച്ചടിയായി. എ ഗ്രൂപ്പാവട്ടെ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ്. ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തിന് ശേഷമേ കെ.പി.സി.സിയിലെ സഹഭാരവാഹികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്ക് കടക്കാന്‍ നേതൃത്വത്തിന് കഴിയൂ.