India Kerala

പശുക്കളുടെ ദുരവസ്ഥ: ഗോശാല ഭാരവാഹികൾക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഗോശാല ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജു. ആവശ്യമെങ്കില്‍ കന്നുകാലികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സുരേഷ് ഗോപി എം.പി ഉള്‍പ്പെടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കളാണ് ‍ ദുരിതത്തിലായത്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിന് പാല്‍ നല്‍കാനെന്ന പേരിലാണ് സ്വകാര്യ ട്രസ്റ്റ് ക്ഷേത്ര പരിസരത്ത് ഗോശാല ആരംഭിച്ചത്. ആദ്യ കാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് ഭക്ഷണം പോലും നല്‍കാതെയായി. കീറിയ ടാര്‍പോളിന്‍ കെട്ടിയ ഷെഡിലാണ് പശുക്കളെ കെട്ടിയിരിക്കുന്നത്. 19 പശുക്കളും 17 കിടാങ്ങളും അടക്കം 36 കാലികളാണ് ഗോശാലയിലുള്ളത്.

ഗോശാലയെ കുറിച്ചുള്ള പരാതി ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. ഇന്നലെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവും ഗോശാല സന്ദര്‍ശിച്ചു. ഗോശാല ഭാരവാഹികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കെ രാജു വ്യക്തമാക്കി. അടിയന്തര ചികിത്സയും ഭക്ഷണവും ഉറപ്പാക്കും. ട്രസ്റ്റിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് പരിശോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിക്കൊപ്പം മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍മാരും ഉണ്ടായിരുന്നു.