Kerala

വയനാട് ജീപ്പ് അപകടം; രണ്ട് ദിവസത്തിനകം ധനസഹായം പ്രഖ്യാപിക്കുമെന്ന് എ.കെ ശശീന്ദ്രൻ


വയനാട് മക്കിമല വാഹനാപകടത്തില്‍ മരിച്ചവർക്കുള്ള ധനസഹായം വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.രണ്ട് ദിവസത്തിനകം ധനസഹായം പ്രഖ്യാപിക്കും. നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതായും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

അപകടകാരണം ബ്രേക്ക് നഷ്ടപ്പെട്ടത് മൂലമെന്നാണ് വിവരം. പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ആവശ്യമെങ്കിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പു നൽകിയതായും ശശീന്ദ്രൻ പറഞ്ഞു.

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേരാണ് മരിച്ചത്. മക്കിമല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരായിരുന്നു മരിച്ചത്. തോട്ടം തൊഴിലാളികളായിരുന്നു യാത്രക്കാർ.

പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. മരിച്ച 9 പേരും അശുപത്രിയിലേക്ക് എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. പുറത്തുവരുന്ന വിവരം അനുസരിച്ച് 12 പേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.