വയനാട് തിരുനെല്ലിയില്‍ കാട്ടാനകള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് വ്യാപകമാവുന്നു. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി മുത്ത്മാരി നിവാസികള്‍ കൃഷി നടത്താനാവാത്ത അവസ്ഥയിലാണിന്ന്. തിരുനെല്ലി മുത്തമാരിയിലെ കര്‍ഷകര്‍ക്കിത് ഉറക്കമില്ലാത്ത ദിനങ്ങളാണ്. അടുത്ത ദിവസങ്ങളിലായി കാട്ടനക്കൂട്ടമെത്തി നശിപ്പിച്ചത് ഏക്കറു കണക്കിന് കൃഷിയാണ്. മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് കൊമ്പനാനകള്‍ കൂട്ടത്തോടെയെത്തുന്നത്. മുത്ത് മാരി വെളിയപ്പളളി അബ്രഹാമിന്റെ തോട്ടത്തിൽ എത്തിയ കാട്ടാനകൾ വ്യാപക നാശനഷ്ടങ്ങളാണ് വരുത്തി വെച്ചത്.40 ഓളം തെങ്ങുകൾ, 100 കാപ്പിച്ചെടികൾ, 200 ഓളം കുരുമുളക് വള്ളികൾ, നൂറുകണക്കിന് വാഴ എന്നിവയെല്ലാം ആനയുടെ ആക്രമണത്തിൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു.
കൃഷി ഏക ഉപജീവന മാർഗ്ഗമായി കാണുന്ന പ്രദേശത്തെ നിരവധി ആളുകളുടെ കൃഷിയിടങ്ങളിൽ രാത്രി കാലങ്ങളിൽ എത്തുന്ന കാട്ടാനകൾ വൻ നാശ നഷ്ടമാണ് വരുത്തിവയ്ക്കുന്നത് . കര്‍ഷകരുടെ കാപ്പി, കവുങ്ങ്, തെങ്ങ്, വാഴ, കപ്പ എന്നിവ ആനകൾ പുർണ്ണമായും നശിപ്പിച്ചു. കൂടാതെ പന്നി, മാൻ, കുരങ്ങ് എന്നിവയും നാട്ടുകാർക്ക് തലവേദന സൃഷ്ടിക്കുകയാണ്. ഫെൻസിംഗിനായി മാസങ്ങൾക്ക് മുമ്പ് കമ്പികൾ ഇറക്കിയതല്ലാതെ പിന്നീട് യാതൊരു പ്രവർത്തികളു നടന്നിട്ടില്ല. കര്‍ഷകര്‍ക്ക് ലഭിക്കുന്ന തുച്ഛമായ നഷ്ടപരിഹാരത്തുക ഉത്പാദനച്ചെലവിന്റെ നാലിലൊന്നു പോലും വരില്ല. ബാങ്ക് വായ്പയെടുത്ത കര്‍ഷകരിന്ന് ആശങ്കയോടെയാണ് മുന്നോട്ടു പോവുന്നത്.