സംസ്ഥാനത്ത് മൂന്നിടത്ത് ജനവാസമേഖലകളിൽ കാട്ടാനയിറങ്ങി. പാലക്കാട് ധോണിയിലും കോട്ടയം മുണ്ടക്കയത്തും ഇടുക്കി മുന്നാറിന് സമീപം ആനയിറങ്കലിലുമാണ് കാട്ടാനയിറങ്ങിയത്. ആനയിറങ്ങലിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. ധോണിയിൽ കാലങ്ങളായി ആശങ്ക വിതക്കുന്ന കൊമ്പൻ ഇന്ന് പുലർച്ചെയും ജനവാസമേഖലയിലെത്തി കൃഷി നശിപ്പിച്ചു.
ഇന്ന് രാവിലെ ആറ് മുപ്പതോടെയാണ് മൂന്നാറിന് സമീപത്തെ ആനയിറങ്കലിൽ കാട്ടാനയിറങ്ങിയത്. ഇതിലൂടെ കടന്ന് പോയ ബൈക്ക് യാത്രികൻ തലനാരിഴക്കാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. നിരവധി പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ മൊട്ടവാലൻ എന്ന് വിളിപ്പേരുളള ആനയാണ് ജനവാസമേഖലയിലെത്തിയത്.
ധോണിയെ നാളുകളായി വിറപ്പിക്കുന്ന പിടിസെവനും സംഘവും ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ജനവാസമേഖലയിലെത്തി. ധോണി അമ്പലം പരിസരത്തെ കൃഷിയിടത്തിലെത്തിയ കാട്ടാനക്കൂട്ടം കൊയ്തെടുക്കാറായ നെൽകൃഷി നശിപ്പിച്ചു.
പിടിസെവനെ പിടികൂടി തളക്കുന്നതിനായുളള കൂടിന്റെ നിർമ്മാണം പൂർത്തിയായി.ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിലുളള അടുത്ത സംഘം കൂടി വയനാട്ടിൽ നിന്ന് എത്തിയാൽ ആനയെ മയക്കുവെടി വെക്കുന്നതിനുളള നടപടികൾ ആരംഭിക്കും.കോട്ടയം മുണ്ടക്കയത്തും ഇന്ന് കാട്ടാനക്കൂട്ടം ഇറങ്ങി.ടി ആർ & ടി എസ്റ്റേറ്റിലിറങ്ങിയ ആനകളെ പ്രദേശവാസികൾ വിവരമറിയിച്ചതനുസരിച്ച് വനപാലകരെത്തിയാണ് കാട്ടിലേക്ക് തുരത്തിയത്.