ജനവാസമേഖലയിൽ കാട്ടാന ശല്യം പതിവാകുന്ന സാഹചര്യത്തിൽ വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ഇന്ന് ഇടുക്കിയിലെത്തും. ശല്യമുണ്ടാക്കുന്ന ആനയെ മയക്കുവെടി വയ്ക്കുന്നത് ഉൾപ്പെടെ ആർആർടി സംഘത്തിന്റെ പരിഗണനയിലുണ്ട്. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ അക്രമകാരികളായ ആനകളെ സംഘം നിരീക്ഷിക്കും.
ആനകൾ ജനജീവിതം ദുസഹമാക്കുകയും വീടുകളും കടകളും തകർക്കുകയും ചെയ്തതോടെയാണ് തുടർനടപടികൾ സ്വീകരിക്കാൻ ഇടുക്കിയിലേക്ക് ആർആർടി സംഘം എത്തുന്നത്. തുടർച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനകീയ പ്രതിഷേധമുയർന്നതോടെ സർവകക്ഷി യോഗം ഉൾപ്പെടെ നടന്നിരുന്നു.
ചിന്നക്കനാലിൽ കാട്ടാനകൾ വീട് തകർക്കുകയും വീട്ടിലുണ്ടായിരുന്നവർക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു. ചിന്നക്കനാലിലെ ഒരു റേഷൻകടയും അരിക്കൊമ്പൻ എന്ന കാട്ടാന തകർത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകർക്കുന്നത്. കഴിഞ്ഞ മാസം നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നത്.