Kerala

കേരളത്തിൽ വീണ്ടും പരിഭ്രാന്തി പരത്തി കാട്ടുപോത്ത്; കണ്ണൂരിൽ ഓട്ടോറിക്ഷക്ക് നേരേ ആക്രമണം

കേരളത്തിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം. ഇന്നലെ രാത്രി കണ്ണൂരിലെ കോളയാഡിൽ ചങ്ങലഗേറ്റ് – പെരുവ റോഡിലാണ് ആക്രമണം. ഓട്ടോറിക്ഷക്ക് നേരേയാണ് ആക്രമണമുണ്ടയത്. ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. കാട്ടുപോത്ത് വാഹനത്തിൽ ഇടിച്ചതോടെ ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മറ്റ് വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം മൂലം കാട്ടുപോത്ത് കാടുകയറിയത് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കി.കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ പ്രദേശത്തു രണ്ട് ഇരുചക്രവാഹന യാത്രക്കാർക്ക് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ മാസം പ്രദേശത്ത് മുപ്പതിലധികം കാട്ടുപോത്തുകൾ തമ്പടിച്ചിരുന്നു. 

മെയ് അവസാന വാരം കൊല്ലം ആയൂരിൽ‌ കണ്ട കാട്ടുപോത്ത് വനത്തിൽ കയറിയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കുടുക്കത്ത് പാറ മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് കയറിയത്. കാട്ടുപോത്തിന്റെ കാൽപാദം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടോടെ ആയൂരിലെ ജനവാസമേഖലയിൽ എത്തിയ കാട്ടുപോത്തിൽ ഒരെണ്ണം ചത്തിരുന്നു.

ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിളവീട്ടിൽ സാമുവൽ വർഗീസിനെ റബ്ബർതോട്ടത്തിൽവെച്ച് കാട്ടുപോത്ത് കുത്തിക്കൊന്നതോടെ പ്രദേശമാകെ ഭീതിയിലായിരുന്നു സാമുവലിനെ കുത്തിയ പോത്തിനെ പിന്നീട് ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെക്കൂടാതെ മറ്റൊരു പോത്തുകൂടി പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ വനപാലകരെ അറിയിച്ചതോടെയാണ് തിരച്ചിൽ തുടങ്ങിയത്.