Kerala

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ പരക്കെ റെയ്ഡ്

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇ.ഡി റെയ്ഡ് നടത്തുന്നു. പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ അഞ്ച് നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. നസറുദ്ധീൻ എളമരം, ഒ.എം.എ സലാം, കരമന അഷ്റഫ് മൗലവി, ഇ.എം അബ്ദുറഹ്മാന്‍, പ്രൊഫ. പി കോയ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ തമിഴ്നാട്, കര്‍ണാടക നേതാക്കളുടെ വീട്ടിലും റെയ്ഡ് നടന്നുവെന്നും നസറുദ്ധീൻ എളമരം പറഞ്ഞു. എല്ലാ റെയ്ഡുകളും ഒരേ സമയത്താണ് നടന്നത്.

കരമന അഷ്റഫിന്‍റെ പൂന്തുറയിലെ വീട്ടില്‍ കൊച്ചിയിൽ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ഈ റെയ്ഡിന് ശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് രേഖാമൂലം എഴുതി നല്‍കി.

നസറുദ്ധീന്‍ എളമരത്തിന്‍റെ വീട്ടില്‍ നിന്നും ലാപ്ടോപ്പും രണ്ട് പുസ്തകങ്ങളും കൊണ്ടുപോയി എന്നാണ് അദ്ദേഹം മീഡിയാവണിനോട് പറഞ്ഞത്. റെയ്ഡിന് പിന്നിലെ കാരണം ഇതുവരെ ലഭ്യമായിട്ടില്ല.

എന്നാല്‍ സര്‍ക്കാര്‍ പ്രതിന്ധിയിലാവുമ്പോള്‍ മുഖം രക്ഷിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ ഇ.ഡിയെ ഉപയോഗിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ റെയ്ഡ് എന്നുമാണ് നസറുദ്ധീൻ എളമരം മീഡിയാവണിനോട് പറഞ്ഞത്. കര്‍ഷക സമരത്തില്‍ പ്രതിസന്ധിയിലായ സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള നടപടിയാണ് ഈ റെയ്ഡ് എന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായ ആരോപണങ്ങളാണ് ഏത് പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഇല്ലാതാക്കാന്‍ ഉപയോഗിക്കുകയെന്നും അത് ഭരണകൂടം ചെയ്തുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.