India Kerala

കെ സുധാകരനോ കെ മുരളീധരനോ? തീരുമാനമെടുക്കാനാവാതെ ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ചുമതലപ്പെടുത്തിയ അശോക് ചവാൻ സമിതി റിപ്പോർട്ട് ഇന്നോ നാളെയോ ഹൈക്കമാൻഡിന് കൈമാറും. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്റെ പേരിനാണ് മുൻതൂക്കമെങ്കിലും ഗ്രൂപ്പുകളുടെ എതിർപ്പ് മറികടന്നാൽ മാത്രമേ സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയുള്ളൂ.

പുതിയ അധ്യക്ഷൻ ആരാകണമെന്ന കാര്യത്തിൽ ഹൈക്കമാന്‍ഡില്‍ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. പരാജയത്തിൽ നിൽക്കുന്ന പാർട്ടിക്ക് ഊർജ്ജം കണ്ടെത്താനാണ് പുതിയ അധ്യക്ഷനെ നിയമിക്കാൻ തീരുമാനിച്ചത്. നിലവിൽ കെ സുധാകരന്റെ പേരിനാണ് മുൻതൂക്കമെങ്കിലും ഗ്രൂപ്പുകളുടെ എതിർപ്പ് ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിൽ ആക്കുന്നു. ഗ്രൂപ്പുകളെ മറികടന്ന് പ്രഖ്യാപനം നടത്തിയാൽ വലിയ പൊട്ടിത്തെറിയിലേക്കാകും കാര്യങ്ങൾ പോകുക. ഈ സാഹചര്യത്തിൽ ഹൈക്കമാൻഡ് ബദൽ വഴികളും ആലോചിക്കുന്നതായാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേരും സജീവ പരിഗണനയിൽ ഉണ്ട്.

തെരഞ്ഞെടുപ്പ് തോൽവിയിൽ അശോക് ചവാൻ സമിതി റിപ്പോർട്ട് ലഭിച്ച ശേഷമേ ഹൈക്കമാൻഡ് അന്തിമ തീരുമാനം കൈക്കൊള്ളൂ. നിലവിൽ കെ സുധാകരനെതിരെ വലിയ എതിർപ്പുകൾ അശോക് ചവാൻ സമിതിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പ്രായ പരിധി അടക്കമുള്ള മാനദണ്ഡങ്ങൾ ലംഘിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചവാൻ സമതിയും റിപ്പോർട്ട് നൽകാൻ വൈകുന്നത്. ഒന്നാം തിയ്യതിയോടെ റിപ്പോർട്ട് നൽകുമെന്ന് പറഞ്ഞെങ്കിലും അന്തിമ റിപ്പോർട്ട് പൂർത്തിയായിരുന്നില്ല. സമിതിക്കെതിരെ വലിയ ആരോപണങ്ങൾ ഉയരുന്നതും റിപ്പോർട്ട് തയ്യാറാക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.