HEAD LINES Kerala

ആരാണ് വിവാദ ദല്ലാള്‍? ടി ജി നന്ദകുമാര്‍ എന്ന ദുരൂഹ വ്യക്തിത്വത്തിന്റെ കഥ

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് അവരുടെ കൈയില്‍ നിന്നും വന്‍തുക നല്‍കി വാങ്ങിയെന്നും അത് ഒരു ചാനലിലൂടെ പുറത്തുവിടുന്നതില്‍ പ്രത്യേക താല്‍പര്യമെടുത്തുവെന്നും സി ബി ഐ ആരോപിക്കുന്ന ടി ജി നന്ദകുമാര്‍ ആരാണ്?(who is controversial figure Dalal T G Nandakumar)

ന്യായാധിപന്മാരെ സ്വാധീനിക്കുന്ന ”വ്യവഹാര ദല്ലാള്‍”, കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരനായി നിന്ന് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരെ ഉപയോഗിക്കുന്ന ”കണ്‍സള്‍ട്ടന്റ്”, അനധികൃത സ്വത്ത് സമ്പാദനത്തിനും ഡാറ്റാസെന്റര്‍ അഴിമതിക്കേസിലും സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിച്ച കേസ്സിലെ പ്രതി, ആദായനികുതി വകുപ്പിന്റേയും ഇന്റലിജന്‍സ് ബ്യൂറോയുടേയും അന്വേഷണം നേരിട്ട ആള്‍, മുകേഷ് അംബാനിയുടേയും അദാനിയുടേയും കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്നയാള്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് നന്ദകുമാറിനുള്ളത്.

പെട്രോളിയം ഔട്ട്‌ലെറ്റ് ജീവനക്കാരനായിരുന്ന ആലപ്പുഴ നെടുമുടി താന്നിക്കല്‍ ഗോപിനാഥന്‍ നായരുടേയും വീട്ടമ്മയായ ശാന്താകുമാരിയുടേയും രണ്ടു മക്കളിലൊരാളാണ് ടി ജി നന്ദകുമാര്‍ എന്ന ടി ജി എന്‍ കുമാര്‍. ഇപ്പോള്‍ കൊച്ചി വെണ്ണലയില്‍ താമസം. 1977-ല്‍ അച്ഛന്‍ ഗോപിനാഥന്‍ നായരുടെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലേറ്റിയ നന്ദകുമാര്‍ സഹോദരിയെ വിവാഹം ചെയ്തത് അയച്ചശേഷമാണ് സ്വപ്നങ്ങള്‍ വെട്ടിപ്പിടിക്കാനിറങ്ങിയത്. നിര്‍ദ്ധന കുടുംബത്തില്‍ നിന്നുള്ള പഴയ ബാലന്‍ പിന്നീടെപ്പോഴോ കൊച്ചിയില്‍ നിന്നുള്ള ചില രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ടവനായി മാറിയെന്നാണ് കഥകള്‍. ഒരു സുപ്രഭാതത്തില്‍ സമ്പന്നനായി നാട്ടില്‍ തിരിച്ചെത്തി. ഇപ്പോള്‍ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവക്ഷേത്രസമിതിയുടെ ചെയര്‍മാന്‍.

നന്ദകുമാറിനെപ്പറ്റി പല ആക്ഷേപങ്ങളും പരാതികളുമൊക്കെ നേരത്തെ ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുണ്ടായിരുന്ന ഡാറ്റാ സെന്ററിന്റെ മേല്‍നോട്ടച്ചുമതലയ്ക്ക് അനില്‍ അംബാനി ഗ്രൂപ്പിന്റെ റിലയന്‍സ് കമ്യൂണിക്കേഷന് 5.9 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയത് കുറഞ്ഞ ലേലത്തുകക്കാരെ തഴഞ്ഞിട്ടാണെന്നും അതിനു പിറകില്‍ പ്രവര്‍ത്തിച്ചത് ദല്ലാള്‍ നന്ദകുമാറാണെന്നും ആരോപിക്കപ്പെട്ടിരുന്നു. ഒരു പ്രമുഖ നടനെ പെണ്‍വാണിഭക്കേസില്‍ നിന്നു രക്ഷിക്കാന്‍ 10 ലക്ഷം രൂപ നന്ദകുമാര്‍ നടനോട് ആവശ്യപ്പെട്ടെന്ന് പി സി ജോര്‍ജ് ക്രൈംബ്രാഞ്ചിന് നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ 2008-ല്‍ ഡി ജി പി രമണ്‍ ശ്രീവാസ്തവയ്ക്ക് നല്‍കിയ ഒരു പരാതിയിലൂടെയാണ് ആദ്യമായി ടി ജി നന്ദകുമാര്‍ വാര്‍ത്തയിലെത്തിയത്.

അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് റിലയന്‍സ് ഫ്രഷ് തുടങ്ങുന്നതിന് ഇടതുപക്ഷത്തില്‍ നിന്നും എതിര്‍പ്പുകളുണ്ടായ പശ്ചാത്തലത്തില്‍ റിലയന്‍സുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചത് ടി ജി നന്ദകുമാര്‍ ആണെന്ന് ആക്ഷേപമുയര്‍ന്നു. ഒരു മള്‍ട്ടിനാഷണലിന് കേരളത്തിലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ എന്തിനാണ് ഒരു ദല്ലാളിന്റെ ആവശ്യമെന്ന ചോദ്യം പാര്‍ട്ടിവൃത്തങ്ങളില്‍ കത്തിപ്പടര്‍ന്നു. എന്തായാലും റിലയന്‍സ് ഫ്രഷിനെതിരായ സി പി എമ്മിന്റെ കലാപം താമസിയാതെ കെട്ടടങ്ങി.

അധികാര സ്ഥാനത്തുള്ളവരുമായി അടുപ്പം പുലര്‍ത്തി അവര്‍ക്കായും കോര്‍പ്പറേറ്റുകള്‍ക്കായും ദല്ലാള്‍ പണി ചെയ്ത് ലാഭമുണ്ടാക്കുന്ന ആളാണ് ടി ജി നന്ദകുമാര്‍ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പുതിയ വിവാദം ദല്ലാള്‍ നന്ദകുമാറിനെ വീണ്ടും വാര്‍ത്തയിലെത്തിച്ചിരിക്കുന്നു.