Kerala

”അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജോസ് കെ.മാണി വട്ടപൂജ്യമാകും” – പി.ജെ ജോസഫ്

അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജോസ് കെ.മാണി വട്ടപൂജ്യമാകുമെന്ന് പി.ജെ ജോസഫ്. പ്രതിസന്ധിയില്‍ നില്‍ക്കുന്ന സര്‍ക്കാരിന് കിട്ടിയ പിടിവള്ളിയാണ് ജോസ് വിഭാഗം. വരുന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി മത്സരിക്കും, കേരള കോണ്‍ഗ്രസിന് അർഹമായ പ്രതിനിഥ്യം ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ടെന്നും ജോസഫ് പറഞ്ഞു. അതേസമയം ബാര്‍ കോഴ കേസില്‍ ജോസ് കെ. മാണിക്കെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ് രംഗത്ത് വന്നു.

കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി വാഗ്‍ദാനം ചെയ്തുവെന്ന് ബിജു രമേശ് പറഞ്ഞു. പണം വാഗ്‍ദാനം ചെയ്തപ്പോള്‍ തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നു. ആരോപണത്തില്‍ ഉറച്ച് നില്‍ക്കണമെന്ന് സി.പി.എം നേതാക്കളും ആവശ്യപ്പെട്ടു. ആദ്യം ഭീഷണിപ്പെടുത്തി, പിന്നീടാണ് പണം വാഗ്‍ദാനം ചെയ്തത്. തനിക്ക് ഫോണ്‍ വന്നതിന് സാക്ഷികളുണ്ടെന്നും ബിജു രമേശ് മീഡിയവണിനോട് പറഞ്ഞു.

ആരോപണം ഉന്നയിച്ചതിന്‍റെ രണ്ടാം ദിവസം ജോൺ കല്ലാട്ടിന്‍റെ ഫോൺ വന്നു. എന്ത് പറയണമെന്ന് ജോൺ കല്ലാട്ട് മെയിൽ അയച്ച് തന്നു. എന്ത് ഓഫറിനും തയ്യാറെന്ന് നേരിട്ട് പറഞ്ഞെന്നും ബിജു രമേശ് പറയുന്നു. അടൂർ പ്രകാശുമായി ഉള്ളത് കുടുംബപരമായ അടുപ്പം മാത്രമാണ്. തന്‍റെ കൂടെ നിന്ന പലരെയും പർച്ചേസ് ചെയ്തു. ബാർ വിഷയം കൊണ്ടുവന്നില്ലെങ്കിൽ കെ.എം മാണി എൽ.ഡി.എഫിലേയ്ക്ക് വരുമായിരുന്നുവെന്ന് കോടിയേരി പറഞ്ഞിരുന്നുവെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.