ഇ. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ കെൽപ്പുള്ളതാണെന്ന് കരുതുന്നില്ലെന്ന് എം.പി ശശി തരൂർ. നിയമസഭാ തെരഞ്ഞെടുപ്പിൽ അത് ബി.ജെ.പിക്ക് വലിയ സഹായമായിരിക്കുമെന്ന വാദവും ശശി തരൂർ തള്ളി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ. ശ്രീധരൻ മികച്ച സാങ്കേതിക വിദഗ്ധനാണ്. എന്നാൽ രാഷ്ട്രീയത്തിൽ ഇതുവെച്ച് തിളങ്ങാം എന്നത് തെറ്റിധാരണയാണ്. അത് മറ്റൊരു ലോകമാണ്. സാങ്കേതിക കാര്യങ്ങൾ നടപ്പിലാക്കുന്നവരാണ് ടെക്നോക്രാറ്റുകൾ. നയങ്ങൾ നടപ്പിലാക്കുന്നവരല്ല. ശ്രീധരന്റെ രാഷട്രീയ പ്രവേശന പ്രഖ്യാപനം ഞെട്ടലുളവാക്കിയെന്നും തരൂർ പറഞ്ഞു.
രാഷ്ട്രീയ പരിചയമില്ലാത്ത ശ്രീധരന്റെ വരവ് ബി.ജെ.പിക്ക് മുതൽക്കൂട്ടാവുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ തവണ കെെക്കലാക്കിയ സീറ്റ് തന്നെ നിലനിർത്താൻ ബി.ജെ.പിക്ക് പാടുപെടേണ്ടി വരും.
അൻപത്തിമൂന്നാം വയസ്സിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്ന താൻ അത് വളരെ വെെകിപ്പോയ സമയമാണെന്നാണ് മനസ്സിലാക്കിയിരുന്നത്. എൻപത്തിയെട്ടുകാരനായ ഇ ശ്രീധരന്റെ കാര്യം പിന്നെ എന്തായിരിക്കുമെന്ന് പറയേണ്ടതില്ലെന്നും തരൂർ പറഞ്ഞു.