ഓടുന്ന വാഹനങ്ങൾ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞദിവസം കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവം കേരളക്കരയെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ അപകടങ്ങൾ സംഭവിക്കുന്നത്? ഇങ്ങനെയുള്ള അപകടങ്ങളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? ഓടുന്ന വാഹനങ്ങൾ തീ പിടിച്ചാൽ എന്ത് ചെയ്യണം എന്നതിനെ സംബന്ധിച്ച് ഒട്ടുമിക്ക ആളുകൾക്കും വ്യക്തമായ അറിവില്ല. ഇപ്പോഴിതാ ഇക്കാര്യങ്ങളിലിൽ ശ്രദ്ധ ചെലുത്താനുള്ള നിർദേശങ്ങളുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്.
- വാഹനത്തിനു കൃത്യമായ മെയിന്റനൻസ് ഉറപ്പ് വരുത്തുക.
- എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്.
- വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്.
- വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വന്നാൽ അവഗണിക്കരുത്. എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി സർവീസ് സെന്ററുമായി ബന്ധപ്പെടണം.
- ഫ്യൂസ് കത്തിയെന്ന് മനസിലായാൽ അതുമാറ്റി വാഹനം ഓടിക്കാൻ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കണം. സ്വയം ശ്രമിച്ചാൽ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകും.
- വാഹനത്തിലെ ഇലക്ട്രിക്കൽ ഉൾപ്പെടെയുള്ള ജോലികൾ സ്വയംചെയ്യാതിരിക്കുന്നതാണ് ഉചിതം.
- അനാവശ്യമോഡിഫിക്കേഷനുകൾ നിർബന്ധമായും ഒഴിവാക്കുക.
- തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക.
- വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽ നിന്നു സുരക്ഷിത അകലം പാലിക്കുക.
- സീറ്റുകളിലെ ഹെഡ് റെസ്റ്റ് ഉപയോഗിച്ച് കാറിന്റെ ജനാല തകർക്കുക.
- ഹെഡ് റെസ്റ്റ് ഈരിയെടുത്ത് അതിന്റെ കൂർത്ത അഗ്രങ്ങൾ കൊണ്ട് കണ്ണാടി പൊട്ടിച്ച് പുറത്തുകടക്കണം
- ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. തീ പിടിത്തതിനിടെയുണ്ടാകുന്ന വിഷ വായു ജീവൻ അപകടത്തിലാക്കാം.
- ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കിൽ ഒരിക്കലും ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. കാരണം കൂടുതൽ ഓക്സിജൻ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും.