പരപ്പനങ്ങാടിയില്‍ സമീപ ദിവസം മറ്റൊരാള്‍ക്ക് കൂടി വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസ് ഉറവിടം കണ്ടെത്താന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയാണ് അധികൃതര്‍
മലപ്പുറം വേങ്ങരയില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറുവയസുകാരന്‍ മരിച്ച സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല. പ്രദേശത്ത് കൂട്ടത്തോടെ ചത്ത നിലയില്‍ കാണപ്പെട്ട കാക്കകളില്‍ നിന്ന് ശേഖരിച്ച രക്ത സാംപിള്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. ഇതോടെ പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കഴിഞ്ഞ മാര്‍ച്ചിലാണ് വേങ്ങര കണ്ണമംഗലത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറുവയസുകാരന്‍ മരണപ്പെട്ടത്. ഇതിന് പിന്നാലെ പ്രദേശത്ത് കാക്കകള്‍ ചത്തതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. വെസ്റ്റ്‌നൈല്‍ വൈറസ് പരത്തുന്നത് കൊതുകുകള്‍ ആണെങ്കിലും കാക്കകള്‍ വൈറസ് വാഹകരാണന്നതിനാല്‍ പ്രദേശത്ത് ചത്ത നിലയില്‍ കണ്ടെത്തിയ കാക്കകളില്‍ നിന്ന് ആരോഗ്യവകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
ഇവ വിദഗ്ധ പരിശോധനക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കും വെറ്റിനറി വിഭാഗത്തിലേക്കും അയച്ചു. എന്നാല്‍ ഇതുവരെ പരിശോധിച്ച 30 സാമ്പിളുകളില്‍ ഒന്നില്‍ പോലും വൈറസ് ബാധ കണ്ടെത്താനായില്ല. പരപ്പനങ്ങാടിയില്‍ സമീപ ദിവസം മറ്റൊരാള്‍ക്ക് കൂടി വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസ് ഉറവിടം കണ്ടെത്താന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയാണ് അധികൃതര്‍.
പേടിക്കണോ വെസ്റ്റ് നൈല്‍ വൈറസിനെ?
വെസ്റ്റ് നെയില്‍ സ്ഥിരീകരിച്ചവരുടെ യാത്രാവിവരങ്ങള്‍ അടക്കം ശേഖരിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ ഭക്ഷണസാധനങ്ങള്‍ കഴിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വിഭാഗവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിശോധനയും നടത്തുക.