India Kerala

അ‍ഞ്ച് മാസമായി കൂലിയില്ല: കൈത്തറി തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍

സംസ്ഥാനത്തെ കൈത്തറി തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍. അ‍ഞ്ച് മാസമായി കൂലികിട്ടാത്തത് മൂലം നിത്യചെലവിന് പോലും പണം കിട്ടാതെ ബുദ്ധിമുട്ടുകയാണ് നെയ്ത്ത് തൊഴിലാളികള്‍‍. സ്കൂള്‍ തുറന്നിട്ടും പണം കിട്ടാതെ വന്നതോടെ കുട്ടികള്‍ക്കുള്ള പഠന സാമഗ്രികള്‍ വാങ്ങാന്‍ പോലും പണമില്ലാതെ നട്ടം തിരിയുകയാണ് ഇവര്‍.

കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോയ കൈത്തറി മേഖലയ്ക്ക് ഉണര്‍വേകിയ പദ്ധതിയായിരുന്നു ഇടത് സര്‍ക്കാര്‍ നടപ്പാക്കിയ സ്കൂള്‍ യൂണിഫോം പദ്ധതി. നിത്യ ചെലവിന് പോലും പണമില്ലാതെ മറ്റ് ജോലികള്‍ക്ക് പോയിരുന്ന കൈത്തറി തൊഴിലാളികള്‍ പക്ഷെ യൂണിഫോം പദ്ധതി നടപ്പാക്കിയതോടെ പരമ്പരാഗത തൊഴിലിലേക്ക് തിരികെ വന്നു. ജീവനക്കാരുടെ ശമ്പളം ആഴ്ച ക്രമത്തില്‍ അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ഇടുമെന്നതായിരുന്നു വാഗ്ദാനം. ആദ്യ മാസങ്ങളില്‍ വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയെങ്കിലും നിലവിലെ സ്ഥിതി അങ്ങനെയല്ല. ഡിസംബര്‍ മാസത്തിന് ശേഷം ജോലി ചെയ്തതിന്‍റെ കൂലി ഇവര്‍ക്ക് ലഭിച്ചിട്ടില്ല.

ഒരു മീറ്റര്‍ കൈത്തറി നെയ്യുന്നതിന് 42.50 പൈസമാണ് നല്‍കുന്നത്. തുടക്കം മുതലുള്ള ഈ കൂലി മാറ്റണമെന്ന ആവശ്യത്തിനും പരിഹാരമില്ല. ഒരു ദിവസം എത്ര മീറ്റര്‍ കൈത്തറി വേണമെങ്കിലും തൊഴിലാളികള്‍ക്ക് നെയ്യാമായിരുന്നെങ്കില്‍ ഇപ്പോള്‍ അതിനും മാറ്റം വരുത്തി. കൃത്യസമയത്ത് സര്‍ക്കാര്‍ നൂല് നല്‍കുന്നില്ലെന്ന പരാതിയും തൊഴിലാളികള്‍ക്കുണ്ട്.