തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഹിക ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.
പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ് ശക്തമായ മഴക്ക് കാരണം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴ പെയ്യാനിടയുണ്ട്. എറണാകുളം, തൃശൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്.
മറ്റന്നാള്‍ മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ജാഗ്രതാ നിർദേശമുള്ളത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
വടക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ഹികാ ചുഴലിക്കാറ്റ് കേരള തീരത്തെ ബാധിക്കില്ല. എങ്കിലും ലക്ഷദ്വീപ് മേഖലയില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനിടയുണ്ട്. അറബിക്കടലിന്റെ വടക്ക്, മധ്യപടിഞ്ഞാറന്‍ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ ആ മേഖലകളിലേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കി.