ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കി. കാറിന്റെ പിൻസീറ്റ് യാത്രക്കാരും ഇനി മുതല്‍ സീറ്റ് ബൽറ്റ് ധരിക്കണം. നിയമം കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത കമീഷണർക്ക് ഗതാഗത സെക്രട്ടറി കത്ത് നൽകി. എന്നാൽ ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടില്ല.
ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും ,കാർ, ജീപ്പ് യാത്രക്കാർക്ക് സീറ്റ് ബൽറ്റും നിർബന്ധമാക്കി നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടതാണ്. എന്നാൽ സംസ്ഥാനത്ത് ഇത് പൂർണ്ണമായി നടപ്പിലാക്കിയില്ല. അപകടം നടന്നാൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിഷേധിക്കുന്ന സാഹചര്യമൊഴിവാക്കാനാണ് ഗതാഗത സെക്രട്ടറി കെ.ആർ ജ്യോതിലാൽ നിയമം കർശനമാക്കി ഉത്തരവിറക്കിയത്. ഇന്ന് മുതൽ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഗതാഗത കമ്മീഷണർക്ക് കത്ത് കൈമാറി. പൊലീസ്, മോട്ടോർ വെഹിക്കിൾ വിഭാഗം എന്നിവർ നിയമത്തെ പറ്റി ജനങ്ങൾക്ക് കൃത്യമായ ബോധവത്കരണം നടത്തണമെന്നും കത്തിൽ പരാമർശമുണ്ട്. എന്നാൽ ഗതാഗത സെക്രട്ടറിയുടെ ഉത്തരവിനെ പറ്റി ഗതാഗതമന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ ഇക്കാര്യത്തിൽ സർക്കാർ എടുക്കുന്ന തീരുമാനം നിർണ്ണായകമാണ്.