Kerala

ഗോപിയെ പാർട്ടിക്ക് വേണം; എത്തിയത് പ്രശ്‌നങ്ങൾ പരിഹരിക്കാൻ’ : ഉമ്മൻ ചാണ്ടി

എ.വി ഗോപിനാഥുമായി അനുനയ ചർച്ചകൾ പൂർത്തിയാക്കി ഉമ്മൻ ചാണ്ടി. ഗോപിനാഥിനെ പാർട്ടിക്ക് ആവശ്യമുണ്ടെന്ന് ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ഗോപിനാഥ് ആവശ്യപ്പെട്ടത് വ്യക്തിപരമായ കാര്യങ്ങളല്ല, മറിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ്. അത് തീർച്ചയായും ഉൾക്കൊള്ളുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ :’ ഗോപിയെ ഞങ്ങൾക്ക് വേണം. പാർട്ടിക്കും നാടിനും വേണം. പൂർണമായും കൂടെയുണ്ടാകണമെന്ന് പറഞ്ഞിട്ടുണ്ട്. അത് പൂർണമായും ഉൾക്കൊള്ളുമെന്ന് വിശ്വസിക്കുന്നു. ഒരു വ്യക്തിയെന്ന നിലയിലല്ല ഞാൻ വന്നിരിക്കുന്നത്. പാർട്ടിയുമായി ആലോചിച്ചാണ്. എല്ലാ തലങ്ങളിലും ഒരു നല്ല അന്തരീക്ഷം ഉണ്ടാക്കി മുന്നോട്ട് പോകണം. കോൺഗ്രസാണ് ഇന്ന് രാജ്യത്തിന്റെ പ്രതീക്ഷ. നരേന്ദ്ര മോദി രാജ്യത്ത് നടത്തുന്ന പരിശ്രമങ്ങൾ ശക്തിപ്പെടുത്താൻ അനുവദിക്കരുത്. കേരളത്തിലെ മാർക്‌സിസ്റ്റ് ഭരണം ഒരു ദിവസം നേരത്തെ അവസാനിപ്പിച്ചാൽ അത് നല്ലതാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം ജനങ്ങൾ. ബിജെപിക്കും മാർക്‌സിസ്റ്റ് ഭരണത്തിനുമെതിരായ മുന്നേറ്റത്തിൽ സമാന ചിന്താഗതിയുള്ള മുഴുവൻ ആളുകളും ഒറ്റക്കെട്ടായി നീങ്ങണം. അതിന് ഗോപിയെ പോലുള്ളവരുടെ നേതൃത്വം ആവിശ്യമാണ്’.

ഉമ്മൻ ചാണ്ടിയുമായി നടത്തിയ ചർച്ചയിൽ താൻ തൃപ്തനാണെന്ന് മറുപടിയായി എവി ഗോപിനാഥ് പറഞ്ഞു.