Kerala

ഇടത്തോട്ടും വലത്തോട്ടും ചായാതെ വയനാട്

ഇരു പക്ഷത്തിനും പൂർണ ആധിപത്യം നൽകാതെയാണ് വയനാട് ജില്ല ഇത്തവണ വിധിയെഴുതിയത്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും യു.ഡി.എഫ് മുന്നേറിയപ്പോൾ, ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും ഒപ്പത്തിനൊപ്പമായി. ജില്ലാ പഞ്ചായത്ത് ആര് ഭരിക്കുമെന്നാണ് ഇനിയുള്ള പ്രധാന ചർച്ചാ വിഷയം.

ഡിഐസി കെ ഒപ്പമുണ്ടായിരുന്ന 2005 നു ശേഷം വയനാട് ജില്ലാപഞ്ചായത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ എൽ.ഡി.എഫിന് സാധിച്ചിരുന്നില്ല. 2015ൽ ലഭിച്ചത് അഞ്ച് സീറ്റുകൾ മാത്രം. ഇത്തവണ ഇതുമാറി. യു.ഡി.എഫിനൊപ്പമെത്തി. എട്ട് സീറ്റുകൾ നേടി തുല്യത പാലിച്ചു. നാല് ബ്ളോക്ക് പഞ്ചായത്തുകളിൽ രണ്ടിലും വിജയിച്ചു കയറി. യു.ഡി.എഫിന്‍റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വയനാട്ടിൽ, ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലുമാണ് മുന്നണിക്ക് നേട്ടം കൊയ്യാനായത്. 15

ഗ്രാമപഞ്ചായത്തുകളിലും മൂന്നിൽ രണ്ട് നഗരസഭകളിലും ഭരണം. ഏഴ് പഞ്ചായത്തുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ പനമരം പഞ്ചായത്തിൽ 11 സീറ്റുകൾ വീതം നേടി ഇരു മുന്നണികളും തുല്യത പാലിച്ചു. എൽഡിഎഫിന്‍റെ കുത്തകയായിരുന്ന മീനങ്ങാടി പഞ്ചായത്ത് യുഡിഎഫ് അട്ടിമറിയിലൂടെ സ്വന്തമാക്കിയപ്പോൾ, യുഡിഎഫിന്‍റെ പഞ്ചായത്തായ വെള്ളമുണ്ട പിടിച്ചെടുത്ത്, എൽഡിഎഫ് മറുപടിയും നൽകി. നറുക്കെടുപ്പിലൂടെയാകും ജില്ലാ പഞ്ചായത്തിന്‍റെ ഭരണം തീരുമാനിക്കുകയെന്നാണ് സൂചന. ഇരുമുന്നണികളും തുല്യതയിലെത്തിയ പനമരം പഞ്ചായത്തിൽ എൻഡിഎ അംഗത്തിന്‍റെ നിലപാട് ഏറെ നിർണായകമാകും.