Kerala

പ്രളയ ബാധിതര്‍‍ക്കായി പീപ്പിള്‍സ് ഫൌണ്ടേഷന്‍ വയനാട്ടിലൊരുക്കിയ ടൌണ്‍ഷിപ്പ് പദ്ധതി സമര്‍പ്പണം നാളെ

രാഹുല്‍ ഗാന്ധി എം.പി വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ മുഖ്യാതിഥിയാവും

2018 ലെ പ്രളയ ബാധിതര്‍‍ക്കായി പീപ്പിള്‍സ് ഫൌണ്ടേഷന്‍ വയനാട്ടിലൊരുക്കിയ ടൌണ്‍ഷിപ്പ് പദ്ധതി സമര്‍പ്പണം നാളെ പനമരത്ത് നടക്കും. പീപ്പിള്‍സ് വില്ലേജ് എന്ന പേരില്‍ 25 വീടുകൾ, പ്രീസ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, കളിസ്‌ഥലം എന്നിവയാണ് പനമരം കരിമ്പുമ്മല്‍ നീരട്ടാടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായത്. രാഹുല്‍ ഗാന്ധി എം.പി വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ മുഖ്യാതിഥിയാവും.

പനമരത്തെ പീപ്പിള്‍സ് വില്ലേജിനകത്ത് 25 കുടുംബങ്ങള്‍ക്കാണ് പുതുതായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. 2018 ലെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരില്‍ സാങ്കേതിക കാരണങ്ങളാല്‍ സര്‍ക്കാര്‍ സഹായത്തിന് പുറത്തായി പ്പോയ ഭൂരഹിതരെയാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ പദ്ധതിക്കായി തെരഞ്ഞെടുത്തത്. മനോഹരമായി സംവിധാനിച്ച ഈ ടൌണ്‍‍ഷിപ്പ് പദ്ധതിയില്‍ ഒരു പ്രീ സ്കൂളും ,പ്രാഥമികാരോഗ്യ കേന്ദ്രവും കളിസ്ഥലവും ഉള്‍‍പ്പെടും.അവസാന മിനുക്കുപണിയും പൂര്‍ത്തീകരിച്ച് വീട്ടുമുറ്റത്ത് തെങ്ങും ഫലവൃക്ഷത്തൈകളും വരെ നട്ട ശേഷമാണ് വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. ഈ വീടുകളെല്ലാം ഭാവിയില്‍ ആവശ്യാനുസരണം വിപുലീകരിക്കാവുന്നവ കൂടിയാണ് .

പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 25 കോടിയുടെ പുനരധിവാസ പദ്ധതികളുടെ പൂര്‍ത്തീകരണം കൂടിയാണ് പീപ്പിള്‍സ് വില്ലേജ് സമര്‍പ്പണത്തോടെ നടക്കുന്നത്. രണ്ട് വർഷം കൊണ്ട് സംസ്ഥാനത്ത് 300 പുതിയ വീടുകളാണ് പീപ്പള്‍സ് ഫൌണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കിയത്. ഇതില്‍ 15 വീടുകളടങ്ങിയ ടൌണ്‍ഷിപ്പ് പദ്ധതി മൂന്ന് മാസം മുമ്പ് വയനാട്ടിലെ മൂളിത്തോട് പൂര്‍ത്തീകരിച്ച് കൈമാറിയിരുന്നു. മീനങ്ങാടിയിലും വീടുകളുടെ നിര്‍മ്മാണം നടന്നു വരുന്നു. ഇതിനു പുറമെ , 1000 വീടുകളുടെ അറ്റകുറ്റപ്പണികൾ, 1000 സ്വയം തൊഴിൽ പദ്ധതി , 50 കുടിവെള്ള പദ്ധതികൾ, സ്കോളർഷിപ്പ്, ചികിത്സ തുടങ്ങിയവും ഫൌണ്ടേഷന്‍ ഏറ്റടുത്ത് പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി ചെയര്‍മാന്‍ എം കെ മുഹമ്മദലി പറഞ്ഞു.

പദ്ധതി സമാപന പ്രഖ്യാപന ചടങ്ങിൽ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, പി.വി അബ്ദുൽ വഹാബ് എം.പി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി, സെക്രട്ടറി ജനറൽ ടി.ആരിഫലി, കേരള അമീർ എം.ഐ അബ്ദുൽ അസീസ്, എം.എൽ.എ മാരായ ഐ.സി ബാലകൃഷ്ണൻ , സി. കെ ശശീന്ദ്രൻ , ഒ.ആർ കേളു എന്നിവരും, വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്ദുല്ല ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, തുടങ്ങിയവരും സംബന്ധിക്കും. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.