India Kerala

മാവോയിസ്റ്റ് നേതാവ് സി.പി ജലീലിനെ അന്യായമായി കൊലപ്പെടുത്തിയെന്ന് സഹോദരന്‍

ജലീലിനെ റിസോര്‍ട്ടില്‍ കൊണ്ടുവന്ന് പൊലീസ് വെടിവെച്ചിട്ടതാകാമെന്ന് സഹോദരന്‍ സി.പി റഷീദ്. മരണത്തില്‍ ദുരൂഹതയുണ്ട്. നാലിലധികം മുറിവുകള്‍ ജലീലിന്റെ ശരീരത്തിലുണ്ടെന്നും റഷീദ് പറഞ്ഞു.

ഇതിനിടെ വയനാട്ടില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ തന്നെയാണെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയും ജലീലിന്റെ സഹോദരന്‍ സി.പി റഷീദു‌ം സ്ഥിരീകരിച്ചു. ജലീലിന്റെ മൃതദേഹത്തിന്റെ അരികില്‍ നിന്ന് നാടന്‍ തോക്കും തിരകളും കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പില്‍ പരിക്കേറ്റ ഒരാള്‍ മുഖംമൂടി ധരിച്ചതിനാല്‍ തിരിച്ചറിയാനായില്ലെന്ന് ഐ.ജി പറഞ്ഞു.

ഇന്നലെ രാത്രിയാണ് സ്വകാര്യ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടിയത്.മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. രാത്രി ഏഴരയോടെയാണ് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ രണ്ടംഗ സായുധ സംഘം എത്തിയത്. വനത്തോട് ചേര്‍ന്ന റിസോര്‍ട്ടിലെത്തിയ സംഘം പണവും 10 പേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു. റിസോര്‍ട്ട് ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇവര്‍ക്കായി തെരച്ചില്‍ നടത്തി. തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്.

വെടിവെപ്പില്‍ കൊലപ്പെട്ടത് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി ജലീലാണെന്നാണ് വിവരം. റിസോര്‍ട്ടിന്റെ കവാടത്തോട് ചേര്‍ന്ന കുളക്കരയിലാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന ആള്‍ക്കും വെടിയേറ്റതായും ഇയാള്‍ കാട്ടിലേക്ക് രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും ആരും കസ്റ്റഡിയില്‍ ഇല്ലെന്നും കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു. രാത്രി വൈകി വെടിയൊച്ച കേട്ടതായി പരിസരവാസികളും പറയുന്നു.

മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട സി.പി ജലീലിന്റെ കുടുംബം ആവശ്യപ്പെട്ടു. വെടിയേറ്റ ശേഷം ജലീലിന് മതിയായ ചികിത്സ നൽകിയില്ല. മൃതദേഹം വിട്ടു കിട്ടണമെന്നും ഇതിനായി കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സഹോദരന്‍ ജിഷാദ് പറഞ്ഞു.