India Kerala

വയനാട്ടില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരാൾ കൊല്ലപ്പെട്ടതായി സൂചന

വയനാട് ലക്കിടിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. ദേശീയ പാതയോരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ആയുധ ധാരികളായ മൂന്നംഗ സംഘമാണെത്തിയത്. പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടതായി സൂചന. അർദ്ധ രാത്രിയിലും വെടിയൊച്ച കേട്ടതായി നാട്ടുകാര്‍. സമീപകാലത്ത് തുടര്‍ച്ചയായി ഇവിടെ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായിരുന്നു. മാവോയിസ്റ്റുകളെ നിരീക്ഷിക്കാനായി അടുത്തിടെ സുഗന്ധഗിരിയിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചതിലുള്ള പ്രതികാരമാണ് മാവോയിസ്റ്റുകൾക്കെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്നലെ വെെകിട്ടോടെയാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ലക്കിടിയിലെ റിസോർട്ടിലെത്തിയ മൂന്നംഗ മാവോയിസ്റ്റുകൾ ഉടമകളുമായി പണമാവശ്യപ്പെടുകയും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസുമായാണ് സംഘം ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലിനെ തുടര്‍ന്ന് പരിക്കേറ്റവരുള്‍പ്പടെ റിസോര്‍ട്ടിന് സമീപമുള്ള കാട്ടിലേക്ക് ഉള്‍വലിഞ്ഞിരിക്കുകയാണ്. പൊലീസിന് പുറമെ തണ്ടർബോൾട്ട് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സമീപകാലത്ത് തുടര്‍ച്ചയായി ഇവിടെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു.