Kerala National

‘ഞങ്ങള്‍ മരിച്ച് പോയിരുന്നു എങ്കിലും നിങ്ങളത് നാടകമാണെന്ന് പറയുമോ’

രാഹുൽ ഗാന്ധി വയനാടിൽ മത്സരിക്കാൻ പോകുന്ന വാർത്ത പ്രചരിച്ചത് മുതൽ വലിയ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ രാഹുലിന് ലഭിച്ച സ്വീകരണം ഇതിനെ അരക്കെട്ടുറപ്പിക്കുന്നതായിരുന്നു.

നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം നടന്ന രാഹുലിന്റെ റോഡ് ഷോക്കിടെ വാഹനത്തിൽ നിന്നും വീണ് അപകടം പറ്റിയ മാധ്യമപ്രവർത്തകർക്ക് ഇടയിലേക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇറങ്ങി ചെന്നത് വാർത്തയായിരുന്നു. എന്നാൽ ഇത് വെറും തെരഞ്ഞെടുപ്പ് പ്രഹസനമാണെന്ന തരത്തിലുള്ള വിമർശനങ്ങളും ഇതിനെ കുറിച്ച് പ്രചരിക്കുകയുണ്ടായി. ഈയവസരത്തിലാണ് വാഹനത്തിൽ നിന്നും തെറിച്ച് താഴെ വീണ കേരളഭൂഷണം വയനാട് ബ്യൂറോ ചീഫ് ഷിബുവിന്റെ അനുഭവ കുറിപ്പ് വെെറലായത്. അന്ന് നടന്ന അപകടത്തെ കുറിച്ച് ഷിബു പറയുന്നത്:


ഞങ്ങൾ ആറ് പേർ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ?

രാഹുലിന്റെ റോഡ് ഷോയിൽ മാധ്യമ പ്രവർത്തകരുടെ വാഹനത്തിലുണ്ടായിരുന്ന സി.വി.ഷിബു. എഴുതുന്നു..

ഇങ്ങനെയൊന്നും രാഷ്ട്രീയം കളിക്കരുത്.

രാഹുൽ ഗാന്ധിയുടെ റോഡ് നടക്കുന്നുണ്ടന്നറിഞ്ഞ് നേരത്തെ തന്നെ വയനാട്ടിലെ മാധ്യമപ്രവർത്തകർ മീഡിയ പാസിന് ശ്രമിച്ചിരുന്നു. എന്നാൽ ചില കമ്യുണിക്കേഷൻ ഗ്യാപ് മൂലം മീഡിയാ കാർക്കുള്ള ട്രക്കിലേക്കുള്ള പാസ് കിട്ടാൻ വൈകി. 20 പേർക്ക് മാത്രമെ ഈ വാഹനത്തിൽ പാസ് അനുവദിക്കുവെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധി എത്തുന്നതിന് അൽപ്പസമയം മുമ്പാണ് വയനാട്ടുകാരായ ഞങ്ങൾ അഞ്ച് പേർക്ക് മാത്രം ( പി.ജയേഷ്, ജംഷീർ കൂളിവയൽ ,ഇല്യാസ് പള്ളിയാൽ, ഷമീർ മച്ചിംങ്ങൽ, അനൂപ് വർഗീസ് ,സി.വി. ഷിബു) റെഡ് പാസ് ലഭിക്കുന്നത്. സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് വാഹനത്തിൽ കയറിയപ്പോൾ കല് ചുവട് മാറ്റി ചവിട്ടാൻ പോലും പറ്റാത്ത അത്ര തിരക്കായിരുന്നു. നല്ല റിപ്പോർട്ടിംഗിനും ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും വേണ്ടിയുള്ള സ്വാഭാവിക മത്സരം ഉണ്ടായി എന്നത് ശരിയാണ്. രാഹുൽ ഗാന്ധി നാമനിർദേശ പത്രിക നൽകി പുറത്തിറങ്ങുന്നതിന് മുമ്പ് വാഹനത്തിന് സ്റ്റാർട്ടിംഗ് ട്രബിൾ ഉണ്ടായി. ബൈപാസ് വഴി പോകുമ്പോൾ ഹംമ്പ് ചാടിയപ്പോൾ വാഹനത്തിൽ നിന്ന് മാധ്യമ പ്രവർത്തകർ തെറിച്ച് വീഴാനും നോക്കി. റോഡ് അവസാനിക്കാറായ എസ്. കെ.എം. ജെ. സ്കൂളിന്റെ മുറ്റത്തേക്കുള്ള കവാടം കടന്നപ്പോഴാണ് ട്രക്ക് കുഴിയിൽ വീണത്.
ഞങ്ങളുടെ വാഹനം വലത്തേക്ക് തിരിച്ചപ്പോൾ തൊട്ടുപിന്നാലെ വരുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്ള തുറന്ന വാഹനത്തിന്റെ ചിത്രം പകർത്താൻ എല്ലാവരും ട്രക്കിന്റെ വലതുഭാഗത്തേക്ക് മാറിയതിനാൽ ആ ഭാഗത്ത് തിക്കും തിരക്കും ഭാരക്കൂടുതലുമുണ്ടായി. അങ്ങനെയാണ് കുഴിയിൽ വീണ ഉടൻ ചെരിഞ്ഞ വാഹനത്തിന്റെ താൽകാലിക കൈവരി ( ഇരുമ്പ് പൈപ്പ് കൊണ്ട് വെൽഡ് ചെയ്തായിരുന്നു കൈവരി. ) തകർന്ന് റിക്സൺ ഉൾപ്പടെ ആറ് പേർ നിലത്തേക്ക് തെറിച്ച് വീണത്. എനിക്ക് തൊട്ടരികിലായാണ് റിക്സണും ഇന്ത്യാ ടുഡേ ചാനലിന്റെ വനിതാ റിപ്പോർട്ടറും ക്യാമറാമാനും ഉണ്ടായിരുന്നത്. അപകടമുണ്ടായപ്പോൾ എന്റെ തലക്ക് മുകളിലൂടെയാണ് റിക്സൺ അടക്കമുള്ള നാല് പേർ നിലത്ത് വീണത്. വാഹനം മറിയുകയാണന്ന് കരുതി രണ്ട് പേർ എടുത്ത് ചാടുകയും ചെയ്തു .ഇത്രയും ഭാരം കുറഞില്ലായിരുന്നെങ്കിലും കൈവരി തകർന്നില്ലായിരുന്നെങ്കിലും ആദ്യം വാഹനത്തിനിടയിൽപ്പെട്ട് മരിക്കുന്നത് ഞങ്ങൾ ആറ് പേർ ആകുമായിരുന്നു. ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് റോഡ് ഷോക്കിടെ ആ വൻ അപകടം ഒഴിവായത്. അപകടം നടന്നയുടൻ ഓടിയെത്തിയ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സ്നേഹവാത്സല്യങ്ങളും ശുശ്രൂഷയും ഇന്ത്യയിലെ മഴുവൻ മാധ്യമപ്രവർത്തകരോടുമുള്ള അവരുടെ കരുതലും സ്നേഹവുമാണ് വ്യക്തമാക്കുന്നത്. ചെറിയ പരിക്കുകൾ പറ്റിയവർ പോലും അപകടത്തിൽ പകച്ച് നിന്നപ്പോൾ അവർ ഇരുവരുടെയും സാമീപ്യം പുതിയൊരു ഊർജ്ജമാണ് മാധ്യമ പ്രവർത്തകർക്ക് സമ്മാനിച്ചത്.
കൂടുതൽ വിവരങ്ങളും നിങ്ങൾ നാടകമായി ചിത്രീകരിക്കുന്ന ഷൂസിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഈ ലിങ്കിൽ കാണാം. ദയവു ചെയ്ത് ഇനിയെങ്കിലും രാഷ്ട്രീയകളിക്കു വേണ്ടി വ്യാജ പ്രചരണങ്ങൾ നടത്താതിരിക്കുക.