സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും മൂലം വയനാട്ടിൽ കൃഷിയിറക്കാൻ ആവാതെ കർഷകർ വലയുന്നു. സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സഹായം ഇല്ലാതെ പുതിയ സീസണിൽ കൃഷി ചെയ്യാൻ ആവില്ലെന്നാണ് കർഷകർ പറയുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് വയനാട്ടിലെ കർഷകരുടെ വിളകൾ നശിച്ചതിനു പുറമെ , കുരുമുളക് ഉൾപ്പെടെയുള്ളവയുടെ ചെടികൾ തന്നെ നശിച്ചുപോയിരുന്നു. ഇതോടെ പൂർണ്ണമായും പ്രതിസന്ധിയിലായ കർഷകർക്ക് ഇത്തവണ കൃഷിയിറക്കാൻ വലിയ ചിലവാണ് വരുന്നത്. കഴിഞ്ഞ സീസണിൽ ഭീമമായ നഷ്ടമുണ്ടായത് കാരണം കടം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതും കർഷകർക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തിൽ സർക്കാർ സഹായമില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടിലാണ് കർഷകർ. പ്രളയകാലത്ത് വിള നാശം സംഭവിച്ച കർഷകരിൽ പലർക്കും സർക്കാരിൽ നിന്ന് ഇതുവരെ ചെറിയ നഷ്ടപരിഹാരത്തുക പോലും ലഭിച്ചിട്ടില്ല . പുതിയ സീസണിൽ കൃഷിക്കായി പണമിറക്കുന്നതിൽ നിന്ന് കർഷകർ പിൻമാറാനും ഇത് കാരണമായിട്ടുണ്ട്.