വയല സ്വദേശിയായ ബന്ധുവിനെ പ്രാഥമിക നിരീക്ഷണ പട്ടികയിൽ ഉള്‍പ്പെടുത്തി.
വയനാട് കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ കോട്ടയത്തെ ബന്ധുവീട്ടിലെത്തി. കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാരനായ ബന്ധുവിനെയാണ് ഇയാള്‍ സന്ദര്‍ശിച്ചത്. ഇതോടെ വയല സ്വദേശിയായ ബന്ധുവിനെ പ്രാഥമിക നിരീക്ഷണ പട്ടികയിൽ ഉള്‍പ്പെടുത്തി.
വയനാട് മാനന്തവാടി സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ 24 പേരുടെ സ്രവം പരിശോധനക്കയച്ചതിലാണ് മൂന്ന് പേരുടെ ഫലം പോസിറ്റീവായത്. എസ്പിയും ഡിവൈഎസ്പിയുമടക്കം കൂടുതല്‍ പൊലീസുകാര്‍ നിരീക്ഷണത്തിലായതോടെ മാനന്തവാടി പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 24 പൊലീസുകാരടക്കം 50ഓളം പൊലീസുകാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. ജില്ലാ പൊലീസ് മേധാവി, മാന്തവാടി ഡിവൈഎസ്പി, സുല്‍ത്താന്‍ ബത്തേരി സിഐ, രണ്ട് എസ്ഐമാര്‍ തുടങ്ങിയവരും നിരീക്ഷണത്തിലാണ്. എംഎല്‍എമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന അവലോകന യോഗങ്ങളും ഇനി നടക്കില്ല. മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് പരാതി നല്‍കാനെത്തരുതെന്നാണ് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം.
മെയ് 2ന് ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നെത്തി രോഗബാധിതനായ ലോറി ഡ്രൈവറില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച യുവാവില്‍ നിന്നാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് രോഗബാധയുണ്ടായത്. എന്നാല്‍ യുവാവിന്റെ റൂട്ട്മാപ്പ് പോലും ഇപ്പോഴും പൂര്‍ണ്ണമായി തയ്യാറാക്കിയിട്ടില്ല. ഇദ്ദേഹം ആരോഗ്യ വകുപ്പുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് തന്നെ പറയുന്നുണ്ട്.